ipl-chennai-win

അബുദാബി : ജയിക്കാമായിരുന്ന ചേസിംഗിന്റെ നിർണായകഘട്ടത്തിൽ ചുവടുപിഴച്ച ചെന്നൈ സൂപ്പർ കിംഗ്സിന് ഈ സീസൺ ഐ.പി.എല്ലിലെ നാലാം തോൽവി. ഇന്നലെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് 10 റൺസിനാണ് ധോണിയെയും കൂട്ടരെയും നാണംകെടുത്തിയത്.

അബുദാബിയിൽ 168 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ് 157/5 എന്ന സ്കോറിൽ ഒതുങ്ങുകയായിരുന്നു . 51പന്തുകളിൽ 81 റൺസ് നേടിയ രാഹുൽ ത്രിപാതിയുടെ പോരാട്ടമാണ് കൊൽക്കത്തയെ 167ലെത്തിച്ചത്. ചെന്നൈയ്ക്ക് വേണ്ടി 'ബർത്ത്ഡേ ബോയ് ' ഡ്വെയ്ൻ ബ്രാവോ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ശാർദൂൽ താക്കൂർ, സാം കറൻ,കരൺ ശർമ്മ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബൗളിംഗിൽ റസൽ,നരെയ്ൻ,ശിവം മാവി,നാഗർകോട്ടി,വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നരെയ്നെ മാറ്റി ഓപ്പണറായിറക്കിയ രാഹുൽ ത്രിപാതി തുടക്കം മുതൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ശുഭ്മാൻ ഗില്ലിനും (11) നിതീഷ് റാണയ്ക്കും (9) വേണ്ടത്ര പിന്തുണ നൽകാനായില്ല. 12 പന്തുകൾ നേരിട്ട ഗില്ലിനെ ധോണിയുടെ കയ്യിലെത്തിച്ച് ശാർദൂൽ താക്കൂറാണ് കൊൽക്കത്തയ്ക്ക് ആദ്യ പ്രഹരം നൽകിയത്. അഞ്ചാം ഓവറിൽ ടീം സ്കോർ 37-ൽ നിൽക്കുമ്പോഴാണ് ഗിൽ പുറത്തായത്. തുടർന്നിറങ്ങിയ റാണ തട്ടിമുട്ടി നിൽക്കെ ത്രിപാതി തകർത്തടിച്ചു. ഒൻപതാം ഓവറിൽ ഒൻപത് റൺസുമായി റാണ പോകുമ്പോൾ ടീം 70 റൺസിലെത്തിയിരുന്നു.

നാലാമനായിറങ്ങിയ നരെയ്ൻ ഒൻപത് പന്തുകളിൽ ഓരോ ഫോറും സിക്സുമടക്കം 17 റൺസടിച്ച് സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും ടീം 100 കടക്കുംമുന്നേ കൂടാരം കയറി.കരൺ ശർമ്മയ്ക്കായിരുന്നു റാണയുടെയും നരെയ്ന്റെയും വിക്കറ്റുകൾ. ഇയോൻ മോർഗൻ (7),ആന്ദ്രേ റസൽ (2) എന്നിവരുടെ വിക്കറ്റുകൾ പെട്ടെന്ന് വീഴ്ത്താനായത് ചെന്നൈയ്ക്ക് ആശ്വാസം പകർന്നു. വലിയ സ്കോറിലെത്താനുള്ള കൊൽക്കത്തയുടെ സാദ്ധ്യതകളുടെ ചിറകരിഞ്ഞ് 17-ാം ഒാവറിൽ ത്രിപാതിയുടെ പോരാട്ടം ബ്രാവോ അവസാനിപ്പിച്ചു.51 പന്തുകളിൽ എട്ടുഫോറും മൂന്ന് സിക്സുമടിച്ച ത്രിപാതി ബ്രോവോയെ പിന്നിലേക്ക് സ്ളോഗ് ചെയ്യാനുള്ള ശ്രമത്തിനൊടുവിൽ വാട്ട്സണ് ക്യാച്ച് നൽകുകയായിരുന്നു.ഇതോടെ കൊൽക്കത്ത 140/6 എന്ന നിലയിലായി.തുടർന്ന് കാർത്തി​ക് (12) നാഗർകോട്ടി (0),ശിവം മാവി (0) എന്നിവർകൂടി പുറത്തായി. മാവി​യെ പുറത്താക്കാൻ ധോണി​ വി​ക്കറ്റി​ന് പി​ന്നി​ൽ എടുത്ത ക്യാച്ച് തകർപ്പനായി​രുന്നു.അവസാന പന്തി​ൽ വരുൺ​ റൺ​ഔട്ടാവുകയും ചെയ്തതോടെ കൊൽക്കത്ത ഇന്നിംഗ്സി​ന് കർട്ടൻ വീണു. അഞ്ചുറൺസിനിടെയാണ് അവസാന നാലുവിക്കറ്റുകൾ പൊഴിഞ്ഞത്.

മുറുപടിക്കിറങ്ങിയ ചെന്നൈയ്ക്ക് വാട്ട്സണും (50) ഡുപ്ളെസിയും (17) നൽകിയ തുടക്കം വിജയം ഈസിയാണെന്ന് തോന്നിപ്പിച്ചു. എന്നാൽ വിക്കറ്റുകൾ ഒന്നൊന്നായി വീണതോടെ കാര്യങ്ങൾ ക‌ടുപ്പമായിത്തുടങ്ങി. നാലാം ഒാവറിൽ ശിവം മാവിയാണ് ഡുപ്ളെസിയെ പുറത്താക്കിയത്. പിന്നാലെയെത്തിയ അമ്പാട്ടി റായ്ഡു (30)വാട്ട്സണൊപ്പം 69 റൺസ് കൂട്ടിച്ചേർത്തശേഷം 13-ാം ഓവറിൽ നാഗർകോട്ടിയുടെ പന്തിൽ ഗില്ലിന് ക്യാച്ച് നൽകിയതോടെ കളിയുടെ ഗതി മാറാൻ തുടങ്ങി. അടുത്ത ഓവറിൽ നരെയ്ൻ വാട്ട്സണെയും തിരിച്ചയച്ചു. തുടർന്നിറങ്ങിയ ധോണിക്കും (11) സാം കറാനും (17) വേഗത്തിൽ റൺസെടുക്കാനാകാതെ പുറത്താകേണ്ടിവന്നത് തിരിച്ചടിയായി. ജയിക്കാൻ 26 റൺസ് വേണ്ടിയിരുന്ന അവസാന ഒാവറിൽ ജഡേജയും നേടിയത് 15 റൺസ് മാത്രമാണ്.

കളിത്തിരിവ്

14-ാം ഓവറിന്റെ ആദ്യ പന്തിൽ സുനിൽ നരെയ്ൻ വാട്ട്സണെ എൽ.ബിയിൽ കുരുക്കിയത്. പിന്നീടിറങ്ങിയ ധോണിയെയും സാം കറാനെയും സ്വതന്ത്രമായി സ്കോർ ചെയ്യാൻ നരെയ്നും വരുണും റസലും അനുവദിച്ചില്ല. ആ സമയത്ത് റൺറേറ്റ് താഴ്ത്തുകയും ചെയ്തു.

ഇന്നത്തെ മത്സരം

പഞ്ചാബ് Vs ഹൈദരാബാദ്

​​പോ​​​യി​​​ന്റ് ​​​നില
മും​​​ബ​​​യ് 6​​​-4​​​-2​​​-8
ഡ​​​ൽ​​​ഹി​​​ ​ 5​​​-4​​​-1-​​​ 8
കൊ​​​ൽ​​​ക്ക​​​ത്ത​ 5​​​-3​​​-2​​​-6
ബാം​​​ഗ്ളൂ​​​ർ​ 5​​​-3​​​-2​​​-6
ചെ​​​ന്നൈ​​​ ​​​ 6​​​-2​​​-4​​​-4
ഹൈ​​​ദ​​​രാ​​​ബാ​​​ദ് ​​​ 5​​​-2​​​-3​​​-4
രാ​​​ജ​​​സ്ഥാ​​​ൻ​​​ ​ 5​​​-2​​​-3​​​-4
​​പ​​​ഞ്ചാ​​​ബ് 5​​​-1​​​-4​​​-2