
കൊല്ലം: ആയൂർ വാഹന പരിശോധനക്കിടെ വയോധികനെ കെെയ്യേറ്റം ചെയ്ത സംഭവത്തിൽ എസ്.ഐക്ക് സ്ഥലം മാറ്റം. കഠിന പരിശീലനത്തിനായി കുറ്റിക്കാനത്തെ കെ.എ.പി അഞ്ച് ബറ്റാലിയനിലേക്കാണ് എസ്.ഐയെ സ്ഥലം മാറ്റിയത്. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെയാണ് പ്രൊബേഷൻ എസ്.ഐ നജീം മർദ്ദിച്ചത്. അന്വേഷണത്തിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും കൊല്ലം റൂറൽ എസ്.പി അറിയിച്ചു.
ചടയമംഗലം പൊലീസ് ഇന്ന് രാവിലെ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.രാമാനന്ദൻ നായരും പൊടിമോൻ എന്ന സുഹൃത്തും ബൈക്കിലെത്തിയപ്പോൾ പൊലീസ് കെെകാണിച്ചു വാഹനം നിര്‍ത്താനാവശ്യപ്പെട്ടു. ഇരുവര്‍ക്കും ഹെൽമറ്റോ വാഹനത്തിന്‍റെ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല. ഇതിനാൽ ഇരുവരോടും അഞ്ഞൂറ് രൂപ വീതം പിഴയടക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കൂലിപ്പണിക്കാരാണ് ഇപ്പോൾ പണമെടുക്കാനില്ലെന്നും ഇവർ അറിയിച്ചതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്.
കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച പൊലീസിനോട് താൻ രോഗിയാണെന്ന് രാമാനന്ദൻ നായര്‍ പറഞ്ഞുവെങ്കിലും പ്രൊബേഷൻ എസ്.ഐ നജീം ഇരുവരെയും വാഹനത്തിൽ കയറ്റിക്കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. ആദ്യം പൊടിമോനെ വാഹനത്തിൽ കയറ്റി. രാമാനന്ദൻ നായരെ വാഹനത്തിൽ കയറ്റാൻ ശ്രമിക്കവെ പ്രതിരോധിക്കുകയും നജീം ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റുകയും ചെയ്തു. ഇതിനിടെയാണ് എസ്.ഐ വയോധികന്റെ മുഖത്ത് അടിക്കുന്നത്. സംഭവം ആരോ ഫോണിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും സംഭവം വാർത്തയാവുകയും ചെയ്തതിന് പിന്നാലെയാണ് സ്ഥലമാറ്റ നടപടി.