pic

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രി ഇപ്പോൾ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്. കഴിഞ്ഞ ദിവസം സ്റ്റാഫിലെ ഒരംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പരിശോധനാഫലം പോസിറ്റീവായത്.

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ.ടി.ജലീല്‍.നേരത്തെ വൈദ്യുതി മന്ത്രി എം.എം. മണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിച്ച എം.എം. മണി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മന്ത്രിമാരായ ടി.എം. തോമസ് ഐസക്ക്, വി.എസ്. സുനില്‍ കുമാര്‍, ഇ.പി. ജയരാജന്‍ എന്നിവര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

അതേസമയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മന്ത്രി ഇ.പി ജയരാജൻ ആശുപത്രി വിട്ടു. ആരോഗ്യനില മെച്ചപ്പെട്ടതിനാൽ രാത്രിയോടെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് മന്ത്രിയെ അശുപത്രിയിൽ പ്രവേശിപ്പിച്ചത്.