
ന്യൂഡൽഹി: ലാവ്‌ലിൻ അഴിമതികേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുളളവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ സി.ബി.ഐ നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് അതീവ പ്രാധാന്യമുളളതാണെന്നും വേഗം തീർപ്പാക്കണമെന്നും കഴിഞ്ഞയാഴ്ച സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച് അന്തിമവാദത്തിനുള്ള തീയതി കോടതി നിശ്ചയിക്കുമോയെന്നാണ് ഇന്ന് അറിയാനുളളത്. ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദംകേൾക്കുക.
സി.ബി.ഐയുടെ ആവശ്യം അംഗീകരിക്കുകയാണെങ്കിൽ അന്തിമ വാദത്തിനുളള തീയതി കോടതി ഇന്ന് നിശ്ചയിച്ചേക്കും. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ വഴിയാണ് കോടതികൾ പ്രവർത്തിക്കുന്നത്. സാധാരണ നിലയിൽ കോടതികൾ പ്രവർത്തിക്കുന്നത് വരെ ഹർജികളിൽ വാദം കേൾക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതി ആർ.ശിവദാസൻ അപേക്ഷ നൽകിയിട്ടുണ്ട്. ഇതും കോടതി പരിഗണിക്കും.
രണ്ട് തരം ഹർജികളാണ് ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുളളത്. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെ മൂന്ന് പ്രതികളെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സി.ബി.ഐ നൽകിയ അപ്പീലാണ് ഒന്നാമത്തേത്. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മൂന്ന് പ്രതികൾ നൽകിയ ഹർജികളാണ് രണ്ടാമത്തേത്.