
കാസർകോട്: മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദ്ദീനെതിരായ ജൂവലറി നിക്ഷേപ തട്ടിപ്പിൽ ആദ്യത്തെ വഞ്ചന കേസ് രജിസ്റ്റർ ചെയ്‌ത് ഒന്നര മാസം കഴിഞ്ഞിട്ടും മൊഴിയെടുക്കാനോ അറസ്റ്റ് ചെയ്യാനോ തയ്യാറാകാതെ പൊലീസ്. മൊഴി പോലും രേഖപ്പെടുത്താത്ത പൊലീസ് നടപടി ഇതിനോടകം വൻ ആക്ഷേപത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 27നാണ് ചെറുവത്തൂർ സ്വദേശികളായ മൂന്ന് പേരിൽ നിന്ന് നിക്ഷേപമായി വാങ്ങിയ 35 ലക്ഷം തട്ടിയെന്ന പരാതിയിൽ എം.സി കമറുദ്ദീൻ എം.എൽ.എക്കെതിരെ ചന്തേര പൊലീസ് ആദ്യത്തെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തത്. ഈ കേസെടുത്ത് 42 ദിവസമായിട്ടും എം.സി കമറുദ്ദീനെയോ ജൂവലറി എം.ഡി പൂക്കോയ തങ്ങളേയോ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. ഇതിനകം 83 വഞ്ചന കേസുകളും എം.എൽ.എക്കെതിരെ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
അതേസമയം തെളിവുകളെല്ലാം ശേഖരിച്ച് മാത്രമേ എം.എൽ.എയെ ചോദ്യം ചെയ്യൂവെന്നാണ് പൊലീസ് വിശദീകരണം. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും അവസരമൊരുക്കുകയാണ് പൊലീസെന്ന ആരോപണം ശക്തമാണ്. ആദ്യം ജില്ലാ ക്രൈംബ്രാഞ്ചിനും പിന്നീട് സംസ്ഥാന ക്രൈംബ്രാഞ്ചിനും കൈമാറിയ കേസ് നിലവിൽ അന്വേഷിക്കുന്നത് എഎസ്പി വിവേക്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേണ സംഘമാണ്. അന്വേഷണ സംഘത്തെ പലതവണ മാറ്റി, അറസ്റ്റ് വൈകിപ്പിച്ച് കേസ് അട്ടിമറിക്കാൻ മുസ്ലീം ലീഗും സിപിഎമ്മും നടത്തുന്ന ഒത്തുകളിയാണിതെന്ന് ബിജെപി ആരോപിക്കുന്നു. പരാതിക്കാരുടെ വിശദമായ മൊഴിയെടുക്കലും തെളിവ് ശേഖരണവുമെല്ലാം കഴിഞ്ഞ ശേഷമേ എംഎൽഎയെ ചോദ്യം ചെയ്യൂ എന്നാണ് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാട്.
ആദ്യം ജില്ലാ ക്രൈംബ്രാഞ്ചിനും പിന്നീട് സംസ്ഥാന ക്രൈംബ്രാഞ്ചിനും കൈമാറിയ കേസ് നിലവിൽ അന്വേഷിക്കുന്നത് എ.എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ്. അന്വേഷണ സംഘത്തെ പലതവണ മാറ്റി അറസ്റ്റ് വൈകിപ്പിച്ച് കേസ് അട്ടിമറിക്കാൻ മുസ്ലീം ലീഗും സി.പി.എമ്മും നടത്തുന്ന ഒത്തുകളിയാണിതെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
വഞ്ചന കേസുകൾക്ക് പുറമേ കമ്പനി നിയമങ്ങൾ ലംഘിച്ച് നിക്ഷേപം വാങ്ങി, നിക്ഷേപകരറിയാതെ ആസ്തികൾ വിറ്റു തുടങ്ങിയ ഗുരുതര പരാതികളും ജൂവലറി ചെയർമാനായ എം.എൽ.എക്കെതിരെ ഉയർന്നിട്ടുണ്ട്. ജൂവലറിയിൽ നികുതി വെട്ടിപ്പും നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 1.41 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം ഫാഷൻഗോൾഡ് ജൂവലറി ശാഖകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.