kamala-harris-mike-pence-

വാഷിംഗ്ടൺ: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഡൊണാൾഡ് ട്രംപിന്റെ കൊവിഡ് പ്രതിരോധമെന്ന് കമല ഹാരിസ്. കൊവിഡ് പ്രതിരോധത്തിലെ പാളിച്ച മുഖ്യവിഷയമായ അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി സംവാദത്തിലാണ് ട്രംപിനെതിരെ കമല ഹാരിസ് തുറന്നടിച്ചത്.

മഹാമാരിയെ നേരിടാൻ കൃത്യമായ പദ്ധതികളില്ലാത്ത ട്രംപ് ഭരണകൂടം സമ്പൂർണപരാജയമാണെന്ന് കമല ഹാരിസ് കുറ്റപ്പെടുത്തി. ഏറ്റവും കുറഞ്ഞത് ജനങ്ങളോട് സത്യം പറയാനെങ്കിലും ഡൊണാൾഡ് ട്രംപ് തയ്യാറാകണം. സ്വന്തം ആരോഗ്യകാര്യത്തിലും നികുതിയുടെ കാര്യത്തിലും ട്രംപ് കളളം പറയുകയാണെന്നും കമല ഹാരിസ് പറഞ്ഞു.

കമ്മ്യൂണിസ്റ്റ് ചൈനയുടെ കുഴലൂത്തുകാരായി ട്രംപ് സർക്കാർ മാറി. വ്യാപാരയുദ്ധത്തിൽ അമേരിക്ക പരാജയപ്പെട്ടു. വർണവെറിയൻമാരെ പിന്തുണക്കുന്ന ട്രംപിൽ നിന്ന് വ്യത്യസ്‌തമായി രാജ്യത്തെ ഒരുമിപ്പിച്ച് നിർത്താൻ ജോ ബൈഡനാവുമെന്നും കമല ഹാരിസ് അവകാശപ്പെട്ടു.

ശാസ്ത്ര ഉപദേശകരുടെ പിന്തുണയില്ലാതെ ട്രംപിന്റെ നിർബന്ധത്താൽ മാത്രം പുറത്തിറങ്ങുന്ന കൊവിഡ് വാക്‌സിൻ താൻ സ്വീകരിക്കുകയില്ല. ശാസ്ത്ര ഉപദേശകർ നിർദേശിച്ചാലേ വാക്‌സിൻ താൻ സ്വീകരിക്കുകയുള്ളൂ. അങ്ങനെയാണെങ്കിൽ അത് സ്വീകരിക്കുന്നവരുടെ മുൻ നിരയിൽ താൻ ഉണ്ടാകുമെന്നും കമല ഹാരിസ് വ്യക്തമാക്കി.

ജനത്തിന്റെ ജീവൻ വച്ച് രാഷ്ട്രീയം കളിക്കുകയാണ് ഡെമോക്രാറ്റുകളെന്ന് കുറ്റപ്പെടുത്തിയ റിപബ്ലിക്ക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ മൈക്ക് പെൻസ് കൊവിഡ് വാക്‌സിൻ ഈ വർഷം തന്നെയുണ്ടാകുമെന്ന് അവകാശപ്പെട്ടു. കൊവിഡ് വാക്‌സിൻ പരീക്ഷണത്തെ ഇകഴ്‌ത്തി കാട്ടുകയാണ് ഡെമോക്രാറ്റുകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാലാവസ്ഥ വ്യതിയാനം, ഗർഭച്ഛിദ്ര നിയമം, സുപ്രീംകോടതി ജഡ‌്‌ജ് നിയമനം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ചൂടേറിയ വാക്പോരാണ് വൈസ് പ്രസിഡന്റ് സംവാദത്തിൽ നടന്നത്.