
പരവൂർ: അധികമാരാലും ശ്രദ്ധിക്കപ്പെടാതെ ഏതാണ്ട് 300 വർഷത്തിലധികമായി പടർന്ന് പന്തലിച്ച് നിൽക്കുന്നൊരു മരമുണ്ട് പരവൂരിൽ. വർഷങ്ങൾക്ക് മുമ്പ് വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഈ മരമുത്തശ്ശൻ 'ചെറിയ പുള്ളി'യല്ലെന്ന കാര്യം പരവൂരുകാർ അറിയുന്നത്.
വംശനാശ ഭീഷണി നേരിടുന്ന വൃക്ഷങ്ങളുടെ പട്ടികയിൽ ഇടംനേടിയിട്ടുള്ള 'ഇരിപ്പ'യാണ് പരവൂർ കൂനയിൽ ക്ഷേത്രവളപ്പിൽ തലയെടുപ്പോടെ തണലേകി നിൽക്കുന്നത്. വളരെയധികം ഔഷധ ഗുണങ്ങളുള്ള ഇരിപ്പയെ മരമെന്ന് വിളിക്കാറുണ്ടെങ്കിലും സസ്യഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ശരിക്കുമുള്ള പേര് 'ഇലിപ്പ' എന്നാണെങ്കിലും അഷ്ടാംഗ ഹൃദയത്തിൽ ഇരിപ്പ എന്നാണ് നാമകരണപ്പെട്ടിരിക്കുന്നത്. പരമാവധി 20 മീറ്റർ ഉയരത്തിൽ മാത്രമാണ് വളർച്ച. ഒട്ടേറെ ശിഖരങ്ങളും ഉപശിഖരങ്ങളും മധുരമുള്ള പൂക്കളും ഇരിപ്പയുടെ പ്രത്യേകതകളാണ്.
വനംവകുപ്പ് അധികൃതർ തിരിച്ചറിയുന്നതിന് മുമ്പ് തന്നെ ക്ഷേത്ര ഭരണസമിതി വൃക്ഷത്തിന്റെ സംരക്ഷണം ഏറ്റെടുത്തിരുന്നു. പാർശ്വഭിത്തി കെട്ടി സംരക്ഷിച്ചിരിക്കുന്ന ഈ മരത്തിന് ചുവട്ടിലായാണ് പുറ്റിങ്ങൽ ദേവിയെയും പാർവതി ദേവീയെയും പ്രതിഷ്ഠിച്ചിട്ടുള്ളത്