
തിരുവനന്തപുരം: യൂ ട്യൂബർ വിജയ് പി.നായരെ ആക്രമിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുളള പ്രതികളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് സർക്കാർ. പ്രതികൾക്ക് ജാമ്യം നൽകിയാൽ നാളെ നിയമം കൈയിലെടുക്കാൻ അത് പൊതുജനങ്ങൾക്ക് പ്രചോദനമാകുമെന്ന നിലപാടാണ് സർക്കാരിന്. രണ്ടാം അഡിഷണൽ ജില്ലാ ജഡ്ജി കേശാദിനാഥനാണ് കേസ് പരിഗണിച്ചത്.
നിയമലംഘനം നടത്തിയ യൂ ട്യൂബറെ ശിക്ഷിക്കാൻ സർക്കാർ സംവിധാനം നിലനിൽക്കെ സ്വയം നിയമം നടപ്പാക്കാൻ ഭാഗ്യലക്ഷ്മി അടക്കമുള്ളവർക്ക് സ്വാതന്ത്ര്യമില്ലെന്ന് സർക്കാർ അഭിഭാഷകൻ എൻ.സി. പ്രിയൻ വാദിച്ചു. ആക്രമിക്കുമെന്ന ഉദ്ദേശ്യത്തോടെ വിജയ് പി.നായരുടെ മുറിയിൽ അതിക്രമിച്ച് കടക്കുന്നതും തുടർന്നുള്ള കാര്യങ്ങളുമെല്ലാം 12 മിനിട്ടു ദൈർഘ്യമുള്ള പ്രതികൾ തന്നെ റെക്കാർഡ് ചെയ്ത വീഡിയോയിലുണ്ട്. അടികൊണ്ട് നിന്ന വിജയ് പി.നായർ പ്രതികളെ മാഡം എന്ന് വിളിക്കുന്നതിനപ്പുറം ഒന്നും ചെയ്യുന്നില്ല. എന്നിട്ടും യൂ ട്യൂബർ തന്നെ ആക്രമിച്ച് അപമാനിച്ചെന്ന് കാണിച്ച് ഭാഗ്യലക്ഷ്മി തമ്പാനൂർ പൊലീസിൽ പരാതി നൽകി. ഇയാൾ ഇപ്പോൾ ജയിലിലാണ്. ഈ സാഹചര്യത്തിൽ ആക്രമിച്ചവർ പുറത്തും അക്രമത്തിന് ഇരയായ ആൾ അകത്തും കഴിയുന്നത് നിയമ വ്യവസ്ഥയോട് ആളുകൾക്ക് അവമതിപ്പ് ഉളവാക്കുമെന്ന് മെൻസ് റൈറ്റ് അസോസിയേഷൻ വാദിച്ചു. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാമെന്നു പറഞ്ഞ് യൂ ട്യൂബർ ഹർജിക്കാരി അടക്കമുള്ളവരെ ആക്രമിക്കുകയായിരുന്നെന്ന് ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകൻ വാദിച്ചു. മുൻകൂർ ജാമ്യ ഹർജിയിൽ കോടതി ഈ മാസം 9 ന് വിധി പറയും.