
കൊല്ലം: സർക്കാരിനെതിരെ സമരം ചെയ്തതിന്റെ പേരിൽ, തിരുവിതാംകൂർ ദേവസ്വം ബോർഡിലെ കഴകക്കാരനായ ആർ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എസ്. ലാലുവിനെ ജോലിയിൽ നിന്ന് ദേവസ്വം കമ്മിഷണർ സസ്പെൻഡ് ചെയ്തു.
കൊല്ലം ഗ്രൂപ്പിലെ കൊറ്റംകുളങ്ങര സബ് ഗ്രൂപ്പിൽ പഴഞ്ഞിക്കാവ് ദേവസ്വത്തിലെ കഴകമായ ലാലു ജൂലായ് 6 മുതൽ ഒൻപതുവരെ അവധിയിലായിരുന്ന സമയത്താണ് സമരത്തിൽ പങ്കെടുത്തത്. 
ലാലു ചെയ്തത് ഡിപ്പാർട്ട്മെന്റ് വിരുദ്ധ നടപടിയാണെന്നാണ് ബോർഡിന്റെ ആരോപണം. ആഗസ്റ്റ് 25, 26 തീയതികളിൽ അവധിയെടുക്കാതെ ലാലു സമരത്തിൽ പങ്കെടുത്തതിന് തെളിവ് ലഭിച്ചതായും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.കഴിഞ്ഞ 13 നും ലാലു സമരം ചെയ്തതായി പരാതിയുണ്ട്. സർക്കാരിനെതിരായ സമരത്തിൽ പങ്കെടുത്ത ലാലു ജീവനക്കാരുടെ കോൺട്രാക്ട് നിയമം ലംഘിച്ചതായും ഉത്തരവിൽ പറയുന്നത്. 
കൊല്ലം അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സസ്പെൻഷൻരാഷ്ട്രീയ പകപോക്കലാണെന്ന് ലാലു ആരോപിച്ചു. സർക്കാർ ഉദ്യോഗസ്ഥരുടെ തെറ്റ് തുറന്നു കാണിക്കുന്നതിനുള്ള സമരത്തിൽ പങ്കെടുത്തിരുന്നു. ഇങ്ങനെ നടപടിയെടുക്കാനാണെങ്കിൽ സി.പി.എം നേതാക്കളായ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കേണ്ടതല്ലേയെന്നും ലാലു ചോദിച്ചു.