
തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് നാളെ നിർണായക ദിനം. സ്വർണക്കടത്ത് കേസിൽ നാളെ രാവിലെ 11ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം ശിവശങ്കറിന് നോട്ടീസ് നൽകിയിട്ടുണ്ട്. നേരത്തെയും രണ്ടു തവണ കസ്‌റ്റംസ് ചോദ്യം ചെയ്‌തിരുന്നു. എൻ.ഐ.എ, എൻഫോഴ്സ്‌മെന്റ് ഡയറക്‌ടേറ്റ് എന്നിവരും ശിവശങ്കറിനെ തുടർച്ചയായി ചോദ്യം ചെയ്‌തിരുന്നു.
ശിവശങ്കർ എല്ലാം പറയേണ്ടി വരും
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് സ്വപ‌്നയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ കൂടിയാണ് കസ്റ്റംസിന്റെ ചോദ്യം ചെയ്യലെന്നത് ശ്രദ്ധേയമാണ്. ചോദ്യം ചെയ്യലിനായി കസ്‌റ്റംസ് പ്രത്യേകം ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. എൻഫോഴ്സ്‌മെന്റ് സമർപ്പിച്ച കുറ്റപത്രത്തിന്റെ വിശദാംശങ്ങളും ഡിജിറ്റൽ തെളിവുകളും കസ്റ്റംസ് ഉദ്യോഗസ്ഥർ ഇന്നലെത്തന്നെ ശേഖരിച്ചു. ഇവയുടെ അടിസ്ഥാനത്തിലുള്ള ചോദ്യാവലിയാണ് കസ്റ്റംസ് തയ്യാറാക്കിയിരിക്കുന്നത്.
ശിവശങ്കറിന്റെ സ്വത്തുക്കളെയും പണമിടപാടുകളെയും കുറിച്ച് നേരത്തെ തന്നെ കസ്റ്റംസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റ് പി.വേണുഗോപാലിനെ കൊച്ചിയിൽ വിളിച്ചുവരുത്തി മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഇ.ഡി സമർപ്പിച്ച കുറ്റപത്രത്തിനൊപ്പം ശിവശങ്കറും വേണുഗോപാലും തമ്മിലുള്ള വാട്സ് ആപ്പ് സന്ദേശങ്ങളിൽ സാമ്പത്തിക ഇടപാടുകളെ കുറിച്ച് പറയുന്നുണ്ട്. ഇതേക്കുറിച്ച് നാളെ കസ്റ്റംസിന് മുന്നിൽ ശിവശങ്കറിന് വിശദീകരിക്കേണ്ടി വരും. 35 ലക്ഷത്തിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇരുവരും വാട്സ് ആപ്പ് ചാറ്റുകളിൽ പറയുന്നത്. ഈ പണത്തിന്റെ ഉറവിടം അടക്കമുള്ള വിശദാംശങ്ങൾ കസ്റ്റംസ് ശിവശങ്കറിനോട് തേടും. വ്യക്തമായ ഉത്തരം നൽകാൻ ശിവശങ്കറിന് കഴിയാതെ വന്നാൽ അറസ്റ്റ് അടക്കമുള്ള നടപടികൾക്കും സാദ്ധ്യതയേറെയാണ്. സ്വപ്ന കൊണ്ടുവന്ന 30 ലക്ഷം രൂപ സൂക്ഷിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളാണ് ശിവശങ്കർ നൽകിയത്. സ്വപ്‌നയ്ക്ക് പുറമെ സാറ എന്ന പേരുകാരിയുടെ കൈവശം പണമെന്ന് സംശയിക്കാവുന്ന എന്തോ കൊടുത്തുവിടാൻ വേണുഗോപാൽ ആവശ്യപ്പെടുന്നതും അത് കൈപ്പറ്റിയെന്ന് ഉറപ്പു വരുത്തിയതായി ശിവശങ്കർ 'ഒ.കെ." പറഞ്ഞതായും ഇ.ഡി കുറ്റപത്രത്തിൽ പറയുന്നുണ്ട്. വേണുഗോപാലിൽ നിന്ന് ശിവശങ്കറിന്റെ മൂന്ന് വർഷത്തെ ആസ്തികളുടെയും വരുമാനത്തിന്റെയും തെളിവുകൾ കസ്റ്റംസ് നേരത്തെ തന്നെ ശേഖരിച്ചിരുന്നു. രാജ്യദ്രോഹത്തിലേക്കും ഭീകര ഗ്രൂപ്പുകളുമായുള്ള ബന്ധത്തിലേക്കും നീളുന്ന സ്വർണക്കടത്ത് കേസിലെ സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള പ്രതികളുമായി അടുത്ത ബന്ധമുള്ള ശിവശങ്കറിനെ ഇതുമായി ബന്ധിപ്പിക്കാനുള്ള തെളിവുകളാണ് കസ്റ്റംസ് തേടുന്നത്.
സി.ബി.ഐയും ചോദ്യം ചെയ്തേക്കും
ലൈഫ് മിഷനിലെ കോഴയിടപാട് അന്വേഷിക്കുന്ന സി.ബി.ഐ ശിവശങ്കറിനെ ചോദ്യം ചെയ്യാനും സാദ്ധ്യതയുണ്ട്. ലൈഫ് മിഷൻ പദ്ധതിയിലേക്ക് യു.എ.ഇയിലെ റെഡ് ക്രസന്റിനെ കൊണ്ടുവന്നത് സംബന്ധിച്ച് ലൈഫ് മിഷൻ അധികൃതരുടെ മാെഴിയുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ.