
സ്പെയിനിലെ മാഡ്രിഡ് ഇമാജിൻ ഫിലിം
ഫെസ്റ്റിവലിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടതിനു പുറമെ 42-ാമത് മോസ്കോ ഫിലിം ഫെസ്റ്റിവലിലെ ബ്രിക്സ് മത്സര വിഭാഗത്തിലും മികച്ച് നടിയായി കനി കുസൃതി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു
.
അഭിനയം കൊണ്ടും നിലപാടുകൾ കൊണ്ടും ശ്രദ്ധേയയായ കനി ബിരിയാണിയിൽ അവതരിപ്പിച്ച കഥാപാത്രമായ ഖദീജയെക്കുറിച്ചും തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു.
അവാർഡ് പ്രചോദനമാണ്
ഏതൊരു ആർട്ടിസ്റ്റിനായാലും ഏത് മേഖലയിൽ ജോലിചെയ്യുന്നവർക്കായാലും അവാർഡ് പ്രചോദനവും പ്രോത്സാഹനവുമാണ് ആ അവാർഡാണ് അവരുടെ ജോലിയെ അവരുടെ മികവിനെ പരിപൂർണമായി നിർണയിക്കുന്നതെന്നൊന്നും വിശ്വസിക്കുന്നില്ല.ഒരുപക്ഷേ നമ്മൾ കാണുന്ന മികവായിരിക്കില്ല ജൂറി കാണുന്നത്.ജൂറിക്ക് മുന്നിൽ എത്തുന്ന സിനിമകളും ചില കഥാപാത്രങ്ങളും ആ സമയവും.ഇതെല്ലാമാണ് ഒരു അവാർഡ് നിർണയം. വ്യക്തിപരമായി സന്തോഷം തരുന്നതും ഊർജം തരുന്നതുമാണ് ഓരോ അവാർഡും.
കനിയും ഖദിജയും തമ്മിൽ വലിയ ദൂരമുണ്ട്
സജിൻബാബു സംവിധാനം ചെയ്ത ബിരിയാണിയിലെ ഖദീജയെക്കുറിച്ച് ആദ്യം കേട്ടപ്പോൾ എനിക്ക് കണക്ട് ചെയ്യാൻ സാധിച്ചില്ല. എന്റെ ലോകവും ഖദീജയുടെ ലോകവും ഒരുപാട് ദൂരമുണ്ട്. എനിക്ക് ഒട്ടും പരിചയമില്ലാത്ത വഴികളിലൂടെയാണ് ഖദീജ കടന്നുപോകുന്നത്.ഖദീജ പ്രതിസന്ധികളെ നേരിടുന്നത് പോലെയല്ല കനി നേരിടുക. കടൽ തീരത്ത് താമസിക്കുന്ന ഖദീജയുടെയും ഉമ്മയുടെ ജീവിതത്തിൽ അപ്രതീഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങളാണ് ബിരിയാണി പറയുന്നത്.
അഭിപ്രായ വ്യത്യാസങ്ങളോടെ ഖദീജയിലെത്തി
എനിക്ക് പരിചയമില്ലാത്ത പല കഥാപാത്രങ്ങൾ ഞാൻ മുൻപും ചെയ്തിട്ടുണ്ട്. ഖദീജയെ കേൾക്കുന്ന സമയത്ത് ഞാൻ മാനസികമായി തളർന്നിരിക്കുന്ന ഒരു അവസ്ഥയിലായിരുന്നു.അതുകൊണ്ട് തന്നെ ഒരു ടീമിന്റെ കൂടെ വർക്ക് ചെയ്യാൻ ആത്മവിശ്വാസം ഇല്ലായിരുന്നു. സജിൻ (സംവിധായകൻ സജിൻ ബാബു ) ആദ്യം ബിരിയാണിയെ കുറിച്ച് സംസാരിച്ചപ്പോൾ ഞാൻ റെഡിയായിരുന്നില്ല. അതങ്ങനെ തുറന്നു പറയുകയും ചെയ്തു.എന്നാൽ കുറച്ചു മാസങ്ങൾക്ക് ശേഷം അതേ പ്രോജക്ട് എന്റെ മുന്നിലേക്ക് വീണ്ടും വരികയായിരുന്നു. എന്റെ എല്ലാ മാനസികാവസ്ഥയും മനസിലാക്കി ഞങ്ങൾക്കിടയിലുള്ള അഭിപ്രായ വ്യത്യസങ്ങളെല്ലാം ഉൾകൊണ്ടുകൊണ്ടാണ് ബിരിയാണി ചെയ്യാമെന്ന തിരുമാനത്തിലെത്തുന്നത്.
സിനിമ എളുപ്പമാണ്,
ഇഷ്ടം നാടകത്തോട്
അഭിനയിക്കാൻ എനിക്ക് നടി എന്ന നിലയിൽ സിനിമയാണ് എളുപ്പമായി തോന്നിട്ടുള്ളത്. കാരണം നമുക്ക് ശരിയാവുന്ന ഒരു ടേക്ക് അത് റെക്കോർഡ് ചെയ്യപ്പെടും. പിന്നെ എന്നെന്നേക്കുമായി ആ പെർഫോമൻസ് അവിടെ പതിഞ്ഞു.പിന്നിട് അതിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല.പക്ഷേ നാടകത്തിനെ സംബന്ധിച്ച് അങ്ങനെയല്ല.ഓരോ തവണ പെർഫോം ചെയ്യുമ്പോഴും നമ്മൾ ശ്രദ്ധിക്കണം. കൂടുതൽ കഠിനാധ്വാനവും അർപ്പണവും വേണ്ടത് നാടകത്തിനാണ്.നാടകത്തിന്റെ പ്രോസസാണ് ഇഷ്ടം. ആ ഒരു കാര്യത്തിൽ നാടകത്തിന്റെ ഏഴയലത്ത് സിനിമ വരില്ലയെന്ന് തോന്നിയിട്ടുണ്ട്.
ദളിത് കലാകാരന്മാർക്ക്
അവസരങ്ങൾ കൊടുക്കുന്നില്ല
ദളിത് നടിമാരെയോ നടന്മാരെയോ മലയാള സിനിമയിൽ കാണാൻ സാധികുന്നില്ലായെന്നത് സത്യമായ കാര്യമാണ്. എന്റെ ദളിത് കലാകാരന്മാരായ സുഹൃത്തുക്കൾ പറയുന്നത് കേട്ടിട്ടുണ്ട്.അവർ ഓഡിഷന് അയക്കുമ്പോൾ അവരെയൊന്നും പരിഗണിക്കാറു പോലുമില്ലായെന്ന്. ദളിത് വിഭാഗത്തിൽ നിന്ന് വന്ന് സിനിമയിൽ നിലകൊള്ളുന്നത് വളരെ ചുരുക്കംപേരാണ്. എണ്ണത്തിൽ കുറവ് മാത്രമല്ല അവർക്ക് അതിനുള്ള അവസരങ്ങൾ നിഷേധിക്കുന്നത് പോലെ തോന്നിയിട്ടുണ്ട്.
( അഭിമുഖത്തിന്റെ പൂർണ്ണരൂപം ഈ ലക്കം കേരളകൗമുദി ഫ്ളാഷ് മൂവീസിൽ വായിക്കാം)
സജിൻബാബു തിളങ്ങുന്നു
സജിൻബാബു എന്ന യുവ സംവിധായകന്റെ ബിരിയാണി എന്ന സിനിമ സ്പെയിനിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ രാജ്യാന്തര അംഗീകാരം നേടി . ബിരിയാണിയിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡ് കനി കുസൃതിക്ക് ലഭിച്ചു. ഇപ്പോൾ മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ബ്രിക്സ് മത്സര വിഭാഗത്തിൽ മികച്ച നടിക്കുള്ള അവാർഡും കനി കരസ്ഥമാക്കിയിരിക്കുന്നു.ബിരിയാണി എന്ന സിനിമയ്ക്കും സംവിധായകനുമുള്ള അംഗീകാരം കൂടിയാണിത്. ഇറ്റലിയിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാർഡ്, ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജൻ പുരസ്ക്കാരം എന്നിവയടക്കം ഈ സിനിമ നേടിയ അംഗീകാരത്തിന് കൈയ്യും കണക്കുമില്ല.ഇന്തോ ജർമ്മൻ ഫിലിം വീക്കിന്റെ അഞ്ചാമത് എഡിഷനിൽ പ്രശസ്തമായ ബാബിലോൺ തിയറ്ററിലും പ്രദർശിപ്പിക്കപ്പെട്ടു. മോസ്കോ ഫിലിം ഫെസ്റ്റിവലിലെ ബ്രിക്സ് മത്സര വിഭാഗം,അമേരിക്ക, ഫ്രാൻസ്, ജർമ്മനി, നേപ്പാൾ തുടങ്ങി വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകൾ എന്നിവിടെയല്ലാം പ്രദർശിപ്പിച്ചു. അസ്തമയം വരെ എന്ന സിനിമയിലൂടെയായിരുന്നു സജിന്റെ തുടക്കം.പിന്നീട് അയാൾ ശശി എന്ന സിനിമയും സംവിധാനം ചെയ്തിരുന്നു. ബിരിയാണി മൂന്നാമത്തെ ചിത്രമാണ് .25 ഓളം അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ സെലക്ഷൻ ലഭിച്ച ബിരിയാണിക്ക് അഞ്ച് അന്തർദ്ദേശീയ അംഗീകാരങ്ങളും ലഭിച്ചു. സജിൻബാബു ജൈത്രയാത്ര തുടരുകയാണ്.