deadbody

ബംഗളൂരു: വിവാഹത്തെക്കുറിച്ച് സംസാരിക്കാനെന്നുപറഞ്ഞ് വിളിച്ചുവരുത്തിയശേഷം മകളുടെ കാമുകനെ കൊന്നുതളളി. ബംഗളൂരുവിന് സമീപത്തായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. ലക്ഷ്മിപതി എന്ന ഇരുപത്തിനാലുകാരനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അച്ഛനെയും സഹോദരനെയും പൊലീസ് അറസ്റ്റുചെയ്തു. ഇവർക്ക് വേണ്ട ഒത്താശചെയ്ത രണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്.

പൊലീസ് പറയുന്നത്: അന്യസമുദായക്കാരനായ ലക്ഷ്മിപതിയുമായുളള ബന്ധം പെൺകുട്ടിയുടെ വീട്ടുകാർക്ക് ഇഷ്ടമായിരുന്നില്ല. ഫാക്ടറിയിൽ ജോലിചെയ്യുന്നതിനിടെയാണ് ഇരുവരും അടുത്തത്. മകളെ പ്രണയബന്ധത്തിൽനിന്ന് പിന്തിരിപ്പിക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ കഴിഞ്ഞമാസം ഇരുവരും ഒളിച്ചോടുകയും ചെയ്തു.

കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോൾ, എല്ലാവരും അറിയെ വിവാഹം നടത്തിത്തരാമെന്നുപറഞ്ഞ് മകളെ തിരിച്ചുവിളിച്ചു. ഇത് വിശ്വസിച്ച് ഇരുവരും നാട്ടിലെത്തി. കഴിഞ്ഞദിവസം വിവാഹത്തെക്കുറിച്ച് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും അതിനായി ആളൊഴിഞ്ഞ സ്ഥലത്തെത്തണമെന്നും ലക്ഷ്മിപതിയോട് പെൺകുട്ടിയുടെ അച്ഛൻ ആവശ്യപ്പെട്ടു. അയാളുടെ വാക്കുവിശ്വസിച്ച ലക്ഷ്മിപതി അനുജനെയും കൂട്ടി പറഞ്ഞ സ്ഥലത്തെത്തി. ഈസമയം അവിടെ കാത്തുനിന്ന് പെൺകുട്ടിയുടെ അച്ഛനും സഹോദരനും കൂട്ടുകാരും ചേർന്ന് മർദ്ദിക്കാൻ തുടങ്ങി. തടയാൻ ശ്രമിച്ചതോടെ മർദ്ദനത്തിന്റെ ശക്തികൂടി. തുടർന്നാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ലക്ഷ്മിപതിയുടെ അനുജനാണ് പൊലീസിനെ വിവരം അറിയിച്ചത്.