v-muraleedharan-pinarayi-

നമ്പർ വൺ കേരളത്തിന്റെ ആരോഗ്യ മേഖലയിൽ രോഗിയെ പുഴുവരിച്ചത് നാണക്കേടാണെന്ന് വിമർശിച്ച് കേന്ദ്ര മന്ത്രി വി.മുരളീധരന്റെ ഫേസ്ബുക്ക് കുറിപ്പ്. സംസ്ഥാന ആരോഗ്യ മേഖലയെ പുഴുവരിച്ചുവെന്ന വിമർശനം വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. ആ വാദത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറഞ്ഞതിനെ പുച്ഛിച്ചു തള്ളുകയല്ല മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും മുരളീധരൻ പറഞ്ഞു.

എല്ലാം ശരിയാണെന്ന് മേനിനടിച്ചിരുന്നാൽ വലിയ വിപത്തിലേക്കാകും സംസ്ഥാനം പോവുക. കരുതൽ , പ്രഭാഷണത്തിൽ മാത്രം പോരെന്നും കുറച്ചു കൂടി പ്രവൃത്തിപഥത്തിൽ വേണമെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തിൽ കൊവിഡ് സാമൂഹിക വ്യാപനം അതിതീവ്രമായതിന്റെ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് ഇപ്പോഴുളളത്. രോഗ വ്യാപനം പിടിച്ചു നിർത്താൻ കാര്യക്ഷമമായ ഇടപെടൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല. ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് സംസ്ഥാനം നീങ്ങുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരളത്തിൽ കൊവിഡ് സാമൂഹികവ്യാപനം അതിതീവ്രമായതിന്റെ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 10,606 പേരിൽ 9542 പേർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ദിവസം പതിനായിരത്തിലധികം പേർ രോഗബാധിതരായിട്ടും, രോഗ വ്യാപനം പിടിച്ചു നിർത്താൻ കാര്യക്ഷമമായ ഇടപെടൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല എന്നത്‌ ആശങ്കയുണർത്തുന്നു. സംസ്ഥാനത്തെ കൊവിഡ് രോഗ വ്യാപനം ദേശീയ ശരാശരിയേക്കാള്‍ കുറഞ്ഞ നിരക്കിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. രോഗവ്യാപനത്തിന്റെ തീവ്രത കൂടി വരുന്നുവെന്ന യാഥാർത്ഥ്യം മറച്ചുവച്ച് ഇനിയും നമ്പർ വൺ തള്ളുകളിൽ അഭിരമിക്കാനാണോ മുഖ്യമന്ത്രി ശ്രമിക്കുന്നത് ?

ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് സംസ്ഥാനം പോവുകയാണ്. പഴിചാരലും മേനി നടിക്കലും നിർത്തി വച്ച് കൃത്യമായ നടപടികളിലേക്ക് കടക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്. അതിനു പകരം, പിണറായി വിജയൻ ഉപദേശകരുടെ സ്തുതി പാടൽ കേട്ടിരുന്നാൽ പാവം ജനങ്ങളാകും ഈ മഹാമാരിയുടെ ദുരിതമനുഭവിക്കുക. സമ്പർക്കത്തിലൂടെയുള്ള കേസുകളും മരണസംഖ്യയും സംസ്ഥാനത്ത് ദിനംപ്രതി ഉയരുകയാണ്. ആരോഗ്യപ്രവർത്തകരിലെ രോഗബാധ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാണ്. അവർക്ക് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ കുറ്റമറ്റ രീതിയിൽ ഒരുക്കാനായില്ല എന്നത് സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണ്.

രോഗി പരിചരണത്തിൽ വീഴ്ചയുണ്ടാകാതിരിക്കണമെങ്കിൽ, ആദ്യം സർക്കാർ ചെയ്യേണ്ടത് മെച്ചപ്പെട്ട സൗകര്യങ്ങളും ജീവനക്കാരെയും കൃത്യമായി നൽകുകയാണ്. നമ്പർ വൺ കേരളത്തിന്റെ ആരോഗ്യ മേഖലയിലാണ് രോഗിയെ പുഴുവരിച്ചതെന്നത് നാണക്കേടാണ്. അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ അടിയന്തരമായി പശ്ചാത്തല സൗകര്യങ്ങൾ പര്യാപ്തമാണോയെന്ന് പരിശോധിക്കുകയാണ് വേണ്ടത്. അല്ലാതെ പരാതി വന്നാൽ ആരോഗ്യ പ്രവർത്തകരെ മാത്രം പഴിചാരി തടിതപ്പുകയല്ല വേണ്ടത്.

സംസ്ഥാന ആരോഗ്യ മേഖലയെ പുഴുവരിച്ചുവെന്ന വിമർശനം വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും, ആ വാദത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറഞ്ഞതിനെ പുച്ഛിച്ചു തള്ളുകയല്ല മുഖ്യമന്ത്രി ചെയ്യേണ്ടത്. കൊവിഡിനെ നേരിടുന്നതിൽ വന്ന പാകപ്പിഴകൾ പരിഹരിച്ച് മുന്നോട്ടുപോകണം. എല്ലാം ശരിയാണെന്ന് മേനിനടിച്ചിരുന്നാൽ വലിയ വിപത്തിലേക്കാകും സംസ്ഥാനം പോവുക. കരുതൽ , പ്രഭാഷണത്തിൽ മാത്രം പോരാ ... കുറച്ചു കൂടി പ്രവൃത്തിപഥത്തിൽ വേണമെന്ന് ചുരുക്കം!

കേരളത്തിൽ കൊവിഡ് സാമൂഹികവ്യാപനം അതിതീവ്രമായതിന്റെ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇന്നലെ കൊവിഡ്...

Posted by V Muraleedharan on Wednesday, October 7, 2020