tcs

ന്യൂഡൽഹി: മുൻപെങ്ങുമില്ലാത്ത വിധം പ്രതിസന്ധികൾ ബിസിനസ് രംഗത്ത് കരിനിഴൽ വീഴ്‌ത്തിയ വർഷമാണ് 2020. കൊവിഡ് കാല ലോക്ഡൗൺ കടമ്പ കടന്ന് ഇന്ത്യൻ കമ്പനികൾ പഴയ നിലയിലേക്ക് തിരികെ വരുന്നതേയുള‌ളു. ഈ സമയം തൊഴിലാളികൾക്ക് ഒരു സന്തോഷ വാർത്ത നൽകുകയാണ്. ടാ‌റ്റ കൺസൾട്ടൻസി സർവീസ്. ഒക്‌ടോബർ മാസത്തിൽ തങ്ങളുടെ 4,53,540 തൊഴിലാളികൾക്കും വർദ്ധിപ്പിച്ച ശമ്പളമായിരിക്കും ലഭിക്കുക എന്ന് കമ്പനി അറിയിച്ചു.

വർഷത്തിലെ രണ്ടാം പാദത്തിൽ 10.2 മില്യൺ മണിക്കൂറുകൾ തൊഴിലാളികൾ ജോലിയെടുത്തതായി കമ്പനി അറിയിക്കുന്നു. ഇത് മുൻപുള‌ള ത്രൈമാസ കണക്കിനെക്കാൾ 29 ശതമാനം അധികമാണ്. വിവിധയിടങ്ങളിലായി 3,52,000 പേർക്ക് പരിശീലനം നൽകി. 4,27,000 പേർ സമർത്ഥമായി പരിശീലനം നടത്തി. വിവിധ തൊഴിലിനായി പുതിയ ആളുകളെ നിയമിക്കുന്ന പ്രക്രിയയും അതിവേഗം നടക്കുകയാണെന്ന് ടി.സി.എസ് എച്ച്.ആർ ഗ്ളോബൽ ഹെഡ് മിലിന്ത് ലക്കഡ് അറിയിച്ചു.

ത്രൈമാസ ലാഭത്തിൽ 7.1% കുറവ് വന്നെങ്കിലും 16,000കോടിയുടെ ഓഹരി വാങ്ങുമെന്നും കമ്പനി അറിയിച്ചു. മുൻവർഷം കമ്പനിയുടെ സെപ്‌റ്റംബർ മാസത്തിലെ ത്രൈമാസ ലാഭം 8042 കോടിയായിരുന്നെങ്കിൽ നിലവിൽ ഈ വർഷം അത് 7475 കോടിയായി. ടി.സി.എസിന്റെ കൺസോളി‌ഡേറ്റഡ് വരുമാനം 3 ശതമാനം ഉയർന്ന് 40,135 കോടി ആയിട്ടുണ്ടെന്ന് കമ്പനി അറിയിക്കുന്നു.