
പിതാവിന്റെ പ്രായമുള്ള വയോധികനെ ചെറുപ്പക്കാരനായ പ്രൊബേഷൻ കാലയളവ് പോലും പൂർത്തിയാക്കാത്ത പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി മുഖത്തടിച്ച്, ഒടിച്ചു മടക്കി ജീപ്പിൽ കയറ്റുന്ന കാഴ്ച ഞെട്ടലോടെയാണ് നാം കഴിഞ്ഞ ദിവസം കണ്ടത്. എന്നാൽ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പൊലീസ് ട്രെയ്നിംഗ് കോളേജിൽ പോലീസുകാർക്ക് മാനസിക പരിശീലനം നൽകുന്ന സാമൂഹിക പ്രവർത്തകനായ അഡ്വ. അൻസൺ പി ഡി അലക്സാണ്ടർ അഭിപ്രായപ്പെടുന്നത്.
ഈ സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതിലൂടെ മാത്രമാണ് പൊലീസിന്റെ ക്രൂരമുഖം ജനത്തിന് കാണാനായത്. എന്നാൽ പലപ്പോഴും സംഭവിക്കുന്നത് വീഡിയോ പകർത്തിയയാളിനെ കൂടി സ്റ്റേഷനിൽ കൊണ്ടുപോകുകയും തെളിവ് നശിപ്പിക്കുകയും ചെയ്യുന്നതാണ്. ഇതിന് നൽകുന്ന മറുപടി പൊലീസ് നടപടികളുടെ വീഡിയോ ചിത്രീകരിക്കരുതെന്നാണ്. പൊലീസ് ആക്ട് അനുസരിച്ച് പൊലീസിന്റെ നടപടികൾ പൊതുജനത്തിന് വീഡിയോ എടുക്കാനുള്ള അവകാശമുണ്ടെങ്കിലും ഇത് അനുവദിക്കാൻ പൊലീസ് പലപ്പോഴും തയ്യാറാവുകയില്ല. ചെറുപ്രായത്തിൽ തോന്നിയപോലെ എടുത്ത് പ്രയോഗിക്കാവുന്ന കുറേ അധികാരം കൈയ്യിലേക്ക് കിട്ടുന്ന യുവതലമുറ പൊലീസുകാരിൽ പലരും ഇങ്ങനെ തന്നെയാണ് അൻസൺ പി ഡി അലക്സാണ്ടർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇത് കേരളത്തിലെ ഒരു ഒറ്റപ്പെട്ട സംഭവം ആണെന്ന് ആരും വിചാരിക്കരുത്. ചെറിയ പ്രായത്തിൽ തന്നെ തോന്നിയപോലെ എടുത്ത് പ്രയോഗിക്കാവുന്ന കുറേ അധികാരം കൈയ്യിലേക്ക് കിട്ടുന്ന യുവതലമുറ പോലീസ് കാരിൽ പലരും ഇങ്ങനെ തന്നെയാണ്.
അത് കൃത്യമായി മനസ്സിലാക്കാൻ പോലീസ് കംപ്ലയിൻ്റ് അതോറിറ്റിയുടെ സിറ്റിങ്ങിലും മനുഷ്യാവകാശ കമ്മീഷൻ്റെ സിറ്റിങ്ങിലും പങ്കെടുത്താൽ മതി. വലിയൊരു ശതമാനവും വളരെ ചെറുപ്പക്കാരായ SIമാരാണ് ഇത്തരം മനുഷ്യത്വരഹിതമായ പ്രവർത്തികളുടെ പേരിൽ അവിടെല്ലാം കയറി ഇറങ്ങുന്നത്.
സത്യത്തിൽ കായിക ക്ഷമത പരിശോധിക്കുന്നതു പോലെ പോലീസിൻ്റെ മാനസികാരോഗ്യം കൃത്യമായി പരിശോധിക്കാറുണ്ടോ??
മറ്റ് ഏതൊരു ജോലി പോലെയല്ല പോലീസിൻ്റെ പണി എന്ന് നമുക്കെല്ലാം അറിയാം അവിടെ മാനസികാരോഗ്യത്തിൻ്റെ പങ്കിന് വലിയ സ്ഥാനമുണ്ട്. പെട്ടന്നുണ്ടാകുന്ന ക്ഷോഭം, ഈഗോ, ജീവിതാനുഭവത്തിൻ്റെ കുറവ്, ജോലിയുടെ സമ്മർദം തുടങ്ങിയവ കൈകാര്യം ചെയ്യാൻ പലപ്പോഴും ഇവർ പരാജയപ്പെടുന്നു. തിരുവനന്തപുരം പൊലീസ് ട്രെയ്നിങ്ങ് കോളേജിൽ പോലീസുകാർക്ക് പരിശീലനം കൊടുക്കുമ്പോൾ ഞാൻ നേരിൽ മനസ്സിലാക്കിയതാണ് ഇവ. കഷ്ടപ്പെട്ട് നേടിയ പോലീസ് ജോലിയെ എപ്പോഴും പഴി പറയുന്ന ചില പോലീസ് സുഹൃത്തുക്കൾ എനിക്കുണ്ട്. അത്തരത്തിലുള്ള എല്ലാവരോടും പറയാൻ ഒരു കാര്യം മാത്രമേ ഉള്ളൂ "ഇഷ്ടമല്ലാത്ത ജോലി കഷ്ടപെട്ട് ചെയ്ത് മറ്റുള്ളവർക്ക് കഷ്ട്ടപ്പാടാകരുത്".
ഈ വീഡിയോ വെളിയിൽ വന്നത് കൊണ്ട് മാത്രമാണ് ഇത് ഇപ്പോൾ വിവാദമായത് പലപ്പോഴും നടക്കുന്നത് ഇത്തരം വീഡിയോകൾ എടുക്കുന്നവരെ കൂടി പോലീസ് സ്റ്റേഷനിൽ കൊണ്ട് പോകും നിങ്ങൾക്ക് പോലീസിൻ്റെ വിഡിയോ എടുക്കാൻ അവകാശമില്ല എന്നും പറഞ്ഞ് അത് നശിപ്പിപ്പിക്കും. [പോലീസ് ആക്റ്റ് അനുസരിച്ച് പോലീസിൻ്റെ നടപടികൾ പൊതുജനത്തിന് വീഡിയോ എടുക്കാം Kerala Police Act 2011 S 33 (2) ] പോലീസിനെ എതിർത്ത് സംസാരിച്ചാലും തർക്കിച്ചാലും എല്ലാം സംഭവിക്കുക പിടിച്ച് സ്റ്റേഷനിൽ കൊണ്ട് പോകുകയാണ്. അവിടെ വച്ച് മാപ്പ് പറഞ്ഞ് കാല് പിടിച്ച് പലരും രക്ഷപെടാൻ നോക്കും അല്ലാത്തവർക്കെതിരെ lPC 353 അനുസരിച്ച് കേസ് റെജിസ്റ്റർ ചെയ്യും. (പിന്നീടുള്ളത് വലിയൊരു അധ്യായമാണ്) ഇത് വളരെ അധികം നമ്മുടെ നാട്ടിൽ നടക്കുന്ന ഒരു സംഭവമാണ്. നിങ്ങൾക്ക് നീതി ലഭിക്കണമെങ്കിൽ ഒരുപാട് ക്ഷമയും കാശും സമയവും ചിലവാക്കേണ്ടതായി വരും. പോലീസിനെതിരെയുള്ള പരാതി പോലീസ് തന്നെ അന്വേഷിക്കുന്ന വിചിത്രമായ രീതിയാണ് നമുക്ക് ഉള്ളത്. (പാർട്ടിക്ക് എതിരെ ഉള്ള കേസ് പർട്ടി തന്നെ അന്വേഷിക്കും). അതിനിടയിൽ നീതി എന്നത് ഒരു ചെറു ഭാഗ്യവും തമാശയും ആയി മാറും. പിന്നെ ആരുടെയൊക്കയോ 'ഭാഗ്യം' കൊണ്ട് പലർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാകാതെ (പോലീസിൻ്റെ കൺമുമ്പിൽപെടാതെ) കാലം കഴിക്കുന്നത് കൊണ്ട് ഫേസ്ബുക്കിലെ തക്കുടുമാമൻ ആണ് പോലീസ് എന്ന് കരുതി 'നന്മയുള്ള ലോകവും' 'മാസ്സ് ഡായും' ഒക്കെ സ്റ്റാറ്റസ് ഇട്ട് കാലം കഴിക്കും ന്യായീകരിക്കും. കേരളാ പോലീസിൽ കാലോചിതമായി ഒരു പാട് മാറ്റങ്ങൾ വരേണ്ടതാണെന്ന് പോലീസ് മേലധികാരികൾക്കും രാഷ്ട്രീയ നേതാക്കൾക്കും നല്ലപോലെ അറിയാം.
പക്ഷേ ഒന്നും ഉണ്ടാകുന്നില്ല എന്ന് മാത്രം.