
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി കടുക്കുന്നതിനിടെ സമൂഹ മാദ്ധ്യമങ്ങളിലൂടെയുളള പബ്ലിസിറ്റി കൂട്ടാനൊരുങ്ങി സംസ്ഥാന സർക്കാർ. കഴിഞ്ഞ നാലര വർഷത്തിനിടെ നടപ്പാക്കിയ ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ച് വൻ പ്രചാരണം നടത്താനാണ് സർക്കാർ തീരുമാനം. ദേശീയതലത്തിൽ പ്രവർത്തനപരിചയമുളള പുതിയ ഏജൻസിയെ കൊണ്ടുവരാനാണ് നീക്കം.
ഇതിനായുളള പ്രാഥമിക നടപടിക്രമങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന് പിന്നാലെ സംസ്ഥാനം വൻ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. പദ്ധതി ചെലവുകൾ ഉൾപ്പടെ വെട്ടികുറച്ച് ചെലവ് ചുരുക്കൽ നടപടികളുമായി മുന്നോട്ട് പോകവെയാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു തീരുമാനം വരുന്നത്.

നിലവിൽ സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളുടെ പ്രചാരണത്തിന് പി.ആർ.ഡിയും സി-ഡിറ്റുമുണ്ട്. ഇതുകൂടാതെ ഓരോ പദ്ധതികൾക്കായി ചെറുകിട പി ആർ ഏജൻസികളുമുണ്ട്. ഇതിന് പിന്നാലെയാണ് ദേശീയതലത്തിലുള്ള പുതിയ പി.ആർ ഏജൻസി വരുന്നത്. ഏജൻസിയെ തിരഞ്ഞെടുക്കാനുളള റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ പി.ആർ.ഡി അംഗീകരിച്ചിട്ടുണ്ട്. ഇതിനായി ഇവാല്വേഷൻ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്‌തു.

അതേസമയം ദേശീയ ഏജൻസിക്കായി എത്ര തുകയാകും ചെലവാക്കുക എന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പി.ആർ ഏജൻസികളെ കൊണ്ട് പണിയെടുപ്പിക്കുന്നു എന്ന പ്രതിപക്ഷ ആക്ഷേപത്തിനിടെ പുറത്തിറങ്ങിയ സർക്കാർ ഉത്തരവ് വരുംദിവസങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കും.