
തിരുവനന്തപുരം: മോഹിനിയാട്ട വിവാദത്തിൽ തന്റേതായി പുറത്തുവന്ന പത്രക്കുറിപ്പിനെക്കുറിച്ച് ആർ എൽ വി രാമകൃഷ്ണൻ പറഞ്ഞത് സത്യമാണെന്നും ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും സംഗീത നാടക അക്കാഡമി ചെയർപേഴ്സൺ കെ പി എ സി ലളിത. ഇനി ഈ വിഷയത്തിൽ ഭൂകമ്പം ഉണ്ടാക്കേണ്ടതില്ലെന്നും അവർ പറഞ്ഞു.
മോഹിനിയാട്ടത്തിൽ പങ്കെടുക്കാൻ താൻ അപേക്ഷ നൽകിയിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും പറഞ്ഞ് കെ പി എ സി ലളിതയുടേതായി പുറത്തു വന്ന പത്രക്കുറിപ്പ് സെക്രട്ടറിയുടെ കളിയായിരിക്കുമെന്നും അവർ ഒരിക്കലും അങ്ങനെ പറയില്ലെന്നുമാണ് രാമകൃഷ്ണൻ കഴിഞ്ഞദിവസം പറഞ്ഞത്. ‘ചേച്ചി ആരോടും വാ കൊണ്ട് അങ്ങനെ പറഞ്ഞ് കേട്ടിട്ടില്ല. ചിന്തിക്കുമ്പോൾ അത് ലളിതച്ചേച്ചി പറഞ്ഞതാവില്ല എന്നാണ് തോന്നുന്നത്. പറഞ്ഞതിന്റെ ഓഡിയോ ക്ലിപ്പുകൾ ഉണ്ടായിട്ടും തന്നോട് സംസാരിച്ചിട്ടില്ലെന്നും നുണ പറയുകയാണെന്നും പറഞ്ഞപ്പോൾ സംഭവിച്ചു പോയതാണ് എല്ലാം’ എന്നും രാമകൃഷ്ണൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞിരുന്നു.
സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഓൺലൈൻ നൃത്തപരിപാടിയിൽ മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് രാമകൃഷ്ണൻ അപേക്ഷിച്ചെങ്കിലും അവസരം ലഭിച്ചില്ല.അതാേടെയാണ് വിവാദങ്ങൾ തുടങ്ങിയത്. മോഹിനിയാട്ടത്തിന് അവസരമില്ലെന്നും പ്രഭാഷണത്തിന് അവസരം നൽകാമെന്നും അക്കാദമി സെക്രട്ടറി പറഞ്ഞെങ്കിലും രാമകൃഷ്ണൻ അത് സ്വീകരിച്ചതില്ല. തുടർന്ന് അക്കാദമി ചെയർപേഴ്സണായ കെ പി എസി ലളിതയുമായി സംസാരിക്കുകയും സെക്രട്ടറിയുമായി സംസാരിച്ച് അവസരം ഒരുക്കാമെന്ന് വാക്കു നൽകുകയും ചെയ്തിരുന്നതായി ആർഎൽവി രാമകൃഷ്ണൻ പറയുന്നു. എന്നാൽ പിന്നീട് ചെയർപഴ്സൺ വാക്കുമാറ്റിയെന്നാണ് ആരോപണമുയർന്നു. അവസരം ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ രാമകൃഷ്ണൻ ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതോടെ സംഭവം ഏറെ വിവാദമായി. ജാതി, ലിംഗ വിവേചനം മൂലമാണ് അവസരം നിഷേധിച്ചതെന്ന ആരോപണം കൂടി ഉയർന്നതോടെ കെ പി എസി ലളിതയ്ക്കെതിരെ നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇതിനിടെ കെ പി എസി ലളിതയുടെ ഫോൺസംഭാഷണം പുറത്തുവരികയും ചെയ്തിരുന്നു.