chadyamangalam-police-

കൊല്ലത്ത് ഹെൽമറ്റ് ധരിക്കാത്ത വൃദ്ധന്റ കരണത്ത് ഒരു പ്രൊബേഷണറി പൊലീസ് ഉദ്യോഗസ്ഥൻ അടിച്ച സംഭവത്തെക്കുറിച്ച് കൗമുദി വാർത്ത വായിക്കാനും മറ്റൊരു ചാനലിൽ ആ ദൃശ്യങ്ങൾ കാണാനും ഇടയായി.

നിയമവ്യവസ്ഥയുടെ കരണത്താണ് ഈ ഉദ്യോഗസ്ഥൻ അടിച്ചത്.

വാഹന പരിശോധനക്കിടയിൽ ഇത്തരം വ്യാജശൗര്യവും പരാക്രമവും അനാവശ്യവും ക്രൂരവുമാണ്. പൊലീസിന് ചീത്തപ്പേരുണ്ടാക്കാനേ ഇതുകൊണ്ടു സാധിക്കൂ. നിരായുധനും ദരിദ്രനുമായ ഒരു വൃദ്ധനോട് ഇങ്ങനെ പെരുമാറുന്നത് അഹങ്കാരം മൂത്ത നിയമപാലകൻ മനസുകൊണ്ട് നിയമലംഘകൻ ആകുമ്പോഴാണ്. ജനങ്ങൾക്കു പോലീസിലുള്ള വിശ്വാസമാണ് ഇത്തരം പ്രവൃത്തികളിലൂടെ നഷ്ടമാകുന്നത്.

ട്രാഫിക് നിയമങ്ങൾ പൊലീസ് നടപ്പാക്കുന്നത് പൊതുജനങ്ങളുടെ സുരക്ഷയ്‌ക്ക് വേണ്ടിയാണ്. ആ ജോലിയെ സമീപിക്കേണ്ടത് കൊലപാതകങ്ങളെയും ഗുണ്ടാപ്രവർത്തനങ്ങളെയും നേരിടുന്ന രീതിയിൽ ആയിരിക്കരുത്. ട്രാഫിക് നിയമം നടപ്പാക്കുന്നതിലൂടെ, അത് കാണുന്നവരുടെയും നിയമലംഘനത്തിൽ ഉൾപ്പെട്ടവരുടെയും മനസിൽ നിയമത്തോട് ബഹുമാനവും സുരക്ഷയെ സംബന്ധിച്ച കരുതലും ഉണ്ടാകുന്നതിന് ഉപയുക്തമായ രീതിയിലാവണം പൊലീസ് പെരുമാറേണ്ടത്. അല്ലാതെ, അത് കാണുന്നവരുടെ മനസിൽ അറപ്പും വെറുപ്പും രോഷവും ഉളവാകുന്ന രീതിയിൽ ആവരുത്. പിഴ സംഭവസമയത്ത് തന്നെ അടയ്‌ക്കണോ അതോ നോട്ടീസ് ലഭിച്ച ശേഷം അടയ്‌ക്കണോ അതോ കുറ്റം സമ്മതിക്കാതെ കോടതിയിൽ വാദിക്കണോ എന്നുള്ളത് പൗരന്റെ അവകാശമാണ്. പിഴ അടച്ചില്ല എന്നതിന്റെ പേരിൽ ഹെൽമെറ്ര് ധരിക്കാത്ത ഒരാളെ അറസ്‌റ്റ് ചെയ്യാൻ ഒരു അധികാരവും പൊലീസിനില്ല. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ പൊലീസ് ജോലി ചെയ്യുന്ന രീതി പൂർണമായി നിയമാനുസൃതമായിരിക്കണം. എന്നാൽ മാത്രമേ ഉദ്ദേശിച്ച ഫലം ഉണ്ടാവുകയുള്ളൂ.

പലപ്പോഴും ഇങ്ങനെയുള്ള പ്രവൃത്തികൾ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കാനുള്ള പ്രവണത പൊലീസിനുള്ളിൽ തന്നെയുണ്ട് എന്നുള്ളതാണ് ദൗർഭാഗ്യകരം. ഇത് പൊലീസിന്റെ മനോവീര്യം നിലനിറുത്തുന്നതിന് അത്യാവശ്യമാണ് എന്ന തെറ്രിദ്ധാരണമൂലമാണത്. മനോവീര്യം എന്നത് എന്ത് തോന്ന്യാസം ചെയ്‌താലും ഞാൻ ഒരിക്കലും ശിക്ഷിക്കപ്പെടുകയില്ല എന്ന ഉറപ്പല്ല, വ്യക്തിപരമായി എന്ത് പ്രയാസം ഉണ്ടായാലും നിയമത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്നു മാത്രമേ ഞാൻ എന്റെ അധികാരം പ്രയോഗിക്കുകയുള്ളൂ എന്നും നിയമവ്യവസ്ഥകൾ നിർഭയമായി, ഞാൻ സ്വയം അനുസരിക്കുകയും മറ്റുള്ളവരെ നിയമപരമായി അനുസരിപ്പിക്കുകയും ചെയ്യും എന്നുമുള്ള നിശ്ചയദാർഢ്യത്തിനും ആന്തരിക ശക്തിക്കുമാണ് മനോവീര്യമെന്ന് പറയുന്നത്. പൊലീസിന്റെ കാര്യക്ഷമത നിലനില്‌ക്കണം എന്നുണ്ടെങ്കിൽ അത്തരം നിയമാധിഷ്‌ഠിത മനോവീര്യം പ്രോത്സാഹിപ്പിക്കപ്പെടണം. അഹങ്കാരവും ശക്തിപ്രകടനവും നിയമനിഷേധവുമാണ് മനോവീര്യം എന്ന തെറ്രിദ്ധാരണ പൂർണമായും ഇല്ലാതാകണം.

നിയമം നടപ്പാക്കുമ്പോൾ ജനങ്ങളുടെ സഹകരണം പൊലീസിന് വളരെ വലിയ അളവിൽ ലഭ്യമാകുന്ന രീതിയിലായിരിക്കണം പൊലീസുകാർ പെരുമാറേണ്ടത്. സംസാരത്തിലും പ്രവൃത്തിയിലും നിയമവിരുദ്ധത ഒഴിവാക്കിയാൽ മാത്രമേ അത് സാധിക്കുകയുള്ളൂ. ഇത്തരത്തിലുള്ള സഹകരണം ഏറ്രവും കൂടുതൽ ഉണ്ടാകേണ്ടത് ട്രാഫിക് നിയമപരിപാലന മേഖലയിലാണ്. ഈ രംഗത്ത് പൊതുജനസഹകരണത്തിന്റേതായ പല നല്ല മാതൃകകളും ബോധവത്കരണ പരിപാടികളും ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടുകൂടി കേരളാ പൊലീസ് നടപ്പാക്കി വരുന്നുണ്ട്. പതിനായിരക്കണക്കിന് സ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷകർത്താക്കളും ഒക്കെ ഇങ്ങനെയുള്ള സംരംഭങ്ങളിൽ ഭാഗഭാക്കാകാറുണ്ട്. അതിന് വലിയ സദ്‌ഫലവും കേരള സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്. ബലപ്രയോഗത്തിലൂടെയും നിയമവിരുദ്ധമായ മർദ്ദനത്തിലൂടെയുമാണ് പൊലീസ് ട്രാഫിക് നിയമങ്ങൾ നടപ്പാക്കുന്നതെങ്കിൽ അത്തരം പൊതുജന സഹകരണം പൂർണമായും ഇല്ലാതാകും. അതുമൂലമുള്ള നഷ്‌ടം കേരളത്തിനും പ്രത്യേകിച്ച് കേരളത്തിന്റെ ഗതാഗത സുരക്ഷയ്‌ക്കും ആയിരിക്കും എന്ന് ഓർക്കുന്നത് നന്നായിരിക്കും. അടിച്ചൊതുക്കി സൃഷ്‌ടിക്കാവുന്ന ഒന്നല്ല ട്രാഫിക് സുരക്ഷ.