
തിരുവനന്തപുരം : അർദ്ധരാത്രി പെൺസുഹൃത്തിനൊപ്പം അമിത വേഗതയിൽ കാറോടിച്ച് മാദ്ധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ വിവാദ ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ വ്യാജവാർത്തകൾ കണ്ടെത്തുന്ന പി ആർ ഡി യുടെ ഫാക്ട് ചെക്ക് ഡിവിഷനിലേക്ക് നാമനിർദേശം ചെയ്ത് ആരോഗ്യ വകുപ്പ്. മാദ്ധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ സസ്‌പെൻഷനിലായിരുന്ന ശ്രീറാമിനെ കഴിഞ്ഞ മാർച്ചിലാണ് സർക്കാർ തിരിച്ചെടുത്തത്. കൊവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വാർ റൂമിന്റെ ചുമതലയിലേക്കാണ് മുഖ്യമായും ശ്രീറാമിനെ നിയോഗിച്ചിരിക്കുന്നത്.
കൊവിഡ് പ്രതിരോധത്തിനുള്ള സർക്കാരിന്റെ വിവിധ ഇടപെടലുകൾ വിവാദമാവുകയും, തലസ്ഥാനത്ത് പോലും രോഗം നിയന്ത്രണവിധേയമാക്കാൻ കഴിയാതെ നിരവധി പാളിച്ചകൾ ഭരണകൂടത്തിന് സംഭവിക്കുകയും ചെയ്തിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന വേളയിലാണ് രോഗ പ്രതിരോധപ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്ന ഉദ്യോഗസ്ഥനെ വ്യാജവാർത്തകളെ തടയുന്നതിനുള്ള ഫാക്ട് ചെക്ക് ഡിവിഷനിലേക്ക് നാമനിർദേശം ചെയ്തിരിക്കുന്നത്. മാദ്ധ്യമപ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതി നടപടികളിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്ന ശ്രീറാം ഈ കേസിൽ മൂന്നുതവണ കോടതി നോട്ടീസ് നൽകിയിട്ടും ഹാജരായിരുന്നില്ല.
കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ആഗ്രഹപ്രകാരമാണ് രോഗ നിയന്ത്രണ കാലയളവിലെ വ്യാജ വാർത്തകൾ കണ്ടെത്താൻ ജൂണോടെ പി ആർ ഡി യിൽ ഫാക്ട് ചെക്ക് ഡിവിഷൻ രൂപവത്കരിച്ചത്. എന്നാൽ ക്രമേണ കൊവിഡിന് പുറത്തുള്ള വിഷയങ്ങളിലും, മുഖ്യധാരാ മാദ്ധ്യമങ്ങളുടെ വാർത്തകളിലും ഈ വിഭാഗം കൈകടത്താൻ തുനിഞ്ഞിരുന്നു. സർക്കാരിനെതിരെയുള്ള വാർത്തകൾ വ്യാജം എന്ന് മുദ്ര കുത്താനായിരുന്നു ശ്രമം. എന്നാൽ പ്രമുഖ മാദ്ധ്യമത്തിന്റെ വാർത്തയെ വ്യാജനെന്ന് മുദ്രകുത്തിയതിൽ പിഴവ് സംഭവിച്ചതോടെ സമൂഹ മാദ്ധ്യമങ്ങളിൽ മാത്രം ശ്രദ്ധയൂന്നുകയാണ് നിലവിൽ ഫാക്ട് ചെക്ക് വിഭാഗം. പി ആർ ഡി സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ പൊലീസ്, ഐ ടി., ആരോഗ്യം, റവന്യൂ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരെയും അംഗങ്ങളാക്കിയിരുന്നു. രണ്ട് മാദ്ധ്യമ എഡിറ്റർമാരെയും സർക്കാർ നാമനിർദേശം ചെയ്യുമെന്നായിരുന്നു രൂപീകരണ വേളയിലെ പ്രഖ്യാപനം. സൈബർ സെക്യൂരിറ്റി വിദഗ്ധൻ, ഫാക്ട് ചെക്കിങ് വിദഗ്ധൻ, സൈബർ ഡോം, ഫൊറൻസിക് വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ, സിഡിറ്റ് വെബ് വിഭാഗം ഉദ്യോഗസ്ഥൻ തുടങ്ങിയവരാണ് സമിതിയിലെ മറ്റംഗങ്ങൾ.