hathras-case

ന്യൂഡൽഹി: ഹാഥ്‌രസ് കൂട്ടബലാത്സംഗ കൊലപാതക കേസിൽ താനടക്കം നാല് പ്രതികളും നിരപരാധികളാണെന്ന് ചൂണ്ടിക്കാട്ടി ഒന്നാം പ്രതിയായ സന്ദീപ് സിംഗ് അന്വേഷണ ഏജൻസികൾക്ക് കത്തെഴുതി. പത്തൊമ്പതുകാരിയായ ദളിത് പെൺകുട്ടി ഒരു നല്ല സുഹൃത്തായിരുന്നുവെന്നും പലപ്പോഴും പെൺകുട്ടിയുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും സന്ദീപ് സിംഗ് കത്തിൽ പറയുന്നു. കത്തിൽ പെൺകുട്ടിയുടെ കുടുംബത്തെ ഇയാൾ കുറ്റപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

പ്രതികളെ പാർപ്പിച്ചിരിക്കുന്ന അലിഗഢ് ജയിലിൽ ജയിൽ സൂപ്രണ്ട് സന്ദീപ് സിംഗ് കത്തെഴുതിയ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബം അവരുടെ സൗഹൃദം ഇഷ്ടപ്പെട്ടിരുന്നില്ലെന്നും അതിൽ എതിർപ്പ് ഉന്നയിച്ചിരുന്നുവെന്നും സന്ദീപ് സിംഗ് ആരോപിക്കുന്നു. സെപ്‌തംബർ 14ന് സംഭവ ദിവസം പെൺകുട്ടിയെ ഗ്രാമത്തിലെ വയലിൽ വച്ച് കണ്ടിരുന്നു. പെൺകുട്ടിയെ കുടുംബാംഗങ്ങൾ മർദ്ദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തതായി ഗ്രാമവാസികളിൽ നിന്ന് മനസിലായി. പിന്നീട് അവൾ മരണത്തിന് കീഴടങ്ങിയെന്നും അന്വേഷണ ഏജൻസികൾക്ക് അയച്ച കത്തിൽ സന്ദീപ് സിംഗ് പറയുന്നു.

ബലാത്സംഗക്കേസിലെ നാല് പ്രതികളും കത്തിൽ ഒപ്പിട്ടിട്ടുണ്ട്. തങ്ങൾ എല്ലാവരും നിരപരാധികളാണ് എന്നാണ് നാലുപേരും പറയുന്നത്. സെപ്തംബർ 14ന് നടന്ന കൂട്ടബലാത്സംഗത്തിൽ യുവതിയുടെ നട്ടെല്ലിന് സാരമായ പരിക്കുകളും നാവിൽ ആഴത്തിലുളള മുറിവും ഉണ്ടായിരുന്നു. ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും പിന്നീട് പെൺകുട്ടിയുടെ ആരോഗ്യനില വഷളായി. തുടർന്ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തെ തുടർന്ന് ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാരിന് എതിരെ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ പെൺകുട്ടിയുടെ മൃതദേഹം യു.പി പൊലീസ് പാതി രാത്രിയിൽ സംസ്‌കരിച്ചതും വിവാദമായി. വീട്ടിൽ തടവിലാക്കപ്പെട്ട കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെയായിരുന്നു പെൺകുട്ടിയുടെ മൃതശരീരം ദഹിപ്പിച്ചത്.