bar

തിരുവനന്തപുരം:സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കേണ്ടതില്ലെന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നിരിക്കുന്ന സാഹചര്യത്തിൽ ബാറുകൾ തുറക്കുന്നത് ഉചിതമല്ലെന്ന വിലയിരുത്തലാണ് യാേഗത്തിലുണ്ടായതെന്നാണ് റിപ്പോർട്ട്. രോഗവ്യാപത്തിന്റെ തോതുകുറയുന്നതോടെ ബാറുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

ബാറുകൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് എക്സൈസ് വകുപ്പ് സർക്കാരിന് കഴിഞ്ഞമാസം റിപ്പോർട്ട് നൽകിയിരുന്നു. കർശന നിയന്ത്രണങ്ങളോടെ ബാറുകൾ തുറക്കാൻ അനുവദിക്കണമെന്നായിരുന്നു റിപ്പോട്ടിൽ ആവശ്യപ്പെട്ടിരുന്നത്.മറ്റ് സംസ്ഥാനങ്ങളിൽ ബാറുകൾ തുറക്കാൻ അനുമതി നൽകിയപ്പോൾ സംസ്ഥാനത്തും ബാറുകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബാർ ഓണേഴ്സ് അസോസിയേഷനും സർക്കാരിനെ സമീപിച്ചിരുന്നു. നിലവിൽ കർണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രാ പ്രദേശ്, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിൽ ബാറുകൾ പ്രവർത്തിക്കുന്നുണ്ട്.