
തിരുവനന്തപുരം : തിരുവനന്തപുരത്ത് വീണ്ടും വൻ ലഹരി വേട്ട, 100 കിലോ കഞ്ചാവും മൂന്ന് കിലോ ഹാഷിഷ് ഓയിലുമാണ് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ആറ്റിങ്ങലിൽ നിന്നും പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ 4 കോടി വിലമതിക്കുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. ആറ്റിങ്ങൽ നഗരൂർ പാതയിൽ വെള്ളംകൊള്ളിയിൽ വച്ചായിരുന്നു ലഹരിവസ്തുക്കളുമായെത്തിയ നാലംഗ സംഘത്തെ കസ്റ്റഡിയിലെടുത്തത്. ലഹരി കടത്തിക്കൊണ്ടു വന്ന എയ്സ്, ബൊലേറോ പിക്കപ്പ് വാഹനങ്ങളും പിടികൂടിയിട്ടുണ്ട്.
അറസ്റ്റിലായവരിൽ റിയാസ്,ജസീം എന്നിവർ നഗരൂർ സ്വദേശികളാണ്. ഫൈസൽ തൃശൂർ പാവറട്ടി സ്വദേശിയും നിയാസ് കോന്നി സ്വദേശിയുമാണ്. ആന്ധ്രയിൽ നിന്നുമാണ് ഇവർ കഞ്ചാവും ഹാഷിഷ് ഓയിലും വാങ്ങിയത്. റോഡ് മാർഗം കോയമ്പത്തൂരിൽ എത്തിച്ചശേഷം അവിടെ നിന്നും കോഴികളെ കൊണ്ട് വരുന്നെന്ന വ്യാജേന ദേശിയ പാതയിലൂടെ ആറ്റിങ്ങലിൽ എത്തിക്കുകയായിരുന്നു.
എക്‌സൈസ് വകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദേശ പ്രകാരം രൂപീകരിച്ച സ്‌ക്വാഡ്‌ന്റെ ചുമതലയുള്ള എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാമ് കഞ്ചാവ് പിടികൂടിയത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി കൃഷ്ണ കുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ വി വിനോദ്, ടി ആർ മഹേഷ് കുമാർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എസ് മധുസൂദനൻ നായർ പ്രിവൻറ്റീവ് ഓഫീസർമാരായ ഹരികുമാർ , അനിൽകുമാർ,സിവിൽ എക്‌സൈസ് ഓഫീസർമാരായ വിശാഖ്, രാജേഷ്, ഷംനാദ് ,സുധീഷ്,ശ്രീലാൽ,ജിതീഷ്,രതീഷ് മോഹൻ,അഭിജിത്ത്, ഡ്രൈവർ സുനിൽകുമാർ എന്നിവർ ഉണ്ടായിരുന്നു