
ബംഗളൂരു: മയക്കുമരുന്ന് കേസിൽ മുഖ്യപ്രതിയായ അനൂപ് മുഹമ്മദിന്റെ വെളിപ്പെടുത്തൽ ബിനീഷ് കോടിയേരിക്ക് കുരുക്കാവുന്നു. ബിനീഷ് പറഞ്ഞതനുസരിച്ചാണ് മറ്റുളളവർ ബിസിനസിൽ പണം നിക്ഷേപിച്ചതെന്നാണ് എൻഫോഴ്സമെന്റ് കഴിഞ്ഞദിവസം ചോദ്യംചെയ്യപ്പോൾ അനൂപ് മൊഴി നൽകിയത്. ഈ നിർണായക വെളിപ്പെടുത്തലാണ് ബിനീഷിന് കുരുക്കായിരിക്കുന്നത്.
ഇങ്ങനെ പണം നൽകിയവരിൽ മലയാളികളും ഉണ്ടെന്നും 50 ലക്ഷത്തിൽ അധികം രൂപ അനൂപ് ഈ രീതിയിൽ സമാഹരിച്ചിട്ടുണ്ടെന്നുമാണ് എൻഫോഴ്സ്‌മെന്റ് കണ്ടെത്തിയിരിക്കുന്നത്. ബിനാമി ഇടപാടുകളും സംശയിക്കുന്നുണ്ട്. പണം നിക്ഷേപിച്ചവരെ കണ്ടെത്തി ചോദ്യംചെയ്യും. ഇതിനായി ഉടൻതന്നെ നോട്ടീസ് നൽകുമെന്നാണ് റിപ്പോർട്ട്. ഇവരുടെ മൊഴികൾ അനുസരിച്ചായിരിക്കും ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യണോ എന്ന് തീരുമാനിക്കുന്നത്. കഴിഞ്ഞദിവസം ബിനീഷിനെ എൻഫോഴ്സ്‌മെന്റ് ചോദ്യംചെയ്ത് വിട്ടയച്ചെങ്കിലും ക്ളീൻചിറ്റ് നൽകിയിരുന്നില്ല. ചോദ്യംചെയ്യലിൽ താൻ നേരത്തേ പറഞ്ഞമൊഴികളിൽ ബിനീഷ് ഉറച്ചുനിന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ബംഗളൂരുവിൽ പലയിടങ്ങളിലും അനൂപ് ഹോട്ടലുകൾ ഏറ്റെടുത്ത് നടത്തിയിരുന്നു. ഇത് മറയാക്കി ലഹരി കടത്തിനുവേണ്ടി സമാഹരിച്ച പണം വകമാറ്റിയോ എന്നും പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ചും എൻഫോഴ്സ്‌മെന്റ് ബിനീഷിനോട് ചോദിച്ചിരുന്നു. പണം നിക്ഷേപിച്ചവരെക്കൂടി ചോദ്യംചെയ്യുന്നതോടെ അന്വേഷണം കൂടുതൽ ഉന്നതരിലേക്ക് എത്തുമെന്നാണ് കരുതുന്നത്.