
ന്യൂഡൽഹി : അതിരുകളില്ലാത്ത ആകാശത്തിന്റെ കാവൽക്കാരായ ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് പ്രകടിപ്പിച്ച് 88മത് വ്യോമസേന ദിനത്തിന് പ്രൗഢഗംഭീരമായ തുടക്കം. ഫ്രാൻസിൽ നിന്നും ഇന്ത്യ സ്വന്തമാക്കിയ റാഫേൽ യുദ്ധ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ ശേഷമുള്ള ആദ്യ വ്യോമസേന ദിനം എന്ന പ്രത്യേകത കൂടി ഇക്കുറിയുണ്ട്. വ്യോമസേന ദിനത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കുവാനും റാഫോൽ ഇക്കുറി മുമ്പിൽ തന്നെയുണ്ടായിരുന്നു. ഇത്തവണ അഭ്യാസ പ്രകടനങ്ങളിൽ ഏവരും കാത്തിരിക്കുന്നത് റാഫേലിന്റെ പ്രകടനത്തെയാണ്. പ്രതീക്ഷയ്ക്കും അപ്പുറത്തെ പ്രകടനം പുറത്തെടുക്കാൻ റാഫേലിനാവുകയും ചെയ്തു. റഫേലിന്റെ വരവിനെകുറിച്ച് ഉച്ചഭാഷിണിയിൽ അറിയിപ്പ് വന്നയുടൻ നിലയ്ക്കാത്ത കരഘോഷം മുഴങ്ങി.
ആദ്യം ഒറ്റയ്‌ക്കെത്തി വേഗത നന്നേ കുറച്ച്, ഒരു ഹോക്കി സ്‌റ്റേഡിയത്തിന്റെ വലിപ്പത്തിനൊത്ത സ്ഥലം ആകാശത്തെടുത്ത് റാഫേൽ എട്ട് എന്ന അക്കം പൂർത്തിയാക്കുകയായിരുന്നു. 88ാമത് വ്യോമസേനാദിനത്തെ അഭിവാദ്യം അർപ്പിച്ചാണ് റാഫേൽ മടങ്ങിയത്. നീണ്ട കരഘോഷത്തോടെ കാണികൾ റാഫേലിനെ യാത്രയാക്കിയത്. തുടർന്ന് രാജ്യത്തെ മൂന്ന് സേനാവിഭാഗങ്ങൾക്കും സല്യൂട്ടുമായി വ്യോമസേനയുടെ തൃശൂൽ ഫോർമേഷനായിരുന്നു. ഇതും കഴിഞ്ഞായിരുന്നു റാഫേലിന്റെ രണ്ടാം വരവിന് കളമൊരുങ്ങിയത്. അഞ്ച് യുദ്ധവിമാനങ്ങളടങ്ങിയ വിജയ് ഫോർമേഷനിൽ മുന്നിൽ നിന്നും നയിച്ചത് റാഫേലായിരുന്നു. രണ്ട് വീതം ജാഗ്വാർ, മിറാഷ് 2000 വിമാനങ്ങളായിരുന്നു റാഫേലിന് അകമ്പടിയായത്. അകമ്പടി വിമാനങ്ങൾ ഇരു വശത്തേയ്ക്കും മാറി മറഞ്ഞപ്പോൾ നിമിഷനേരം കൊണ്ട് കൊടുമുടി പോലെ ആകാശത്ത് ഉയർന്ന് പൊങ്ങി കാണികളെ അമ്പരപ്പിച്ചാണ് റാഫേൽ മടങ്ങിയത്.
തുടർന്ന് വ്യോമസേനയുടെ എക്കാലത്തെയും കരുത്തരായ സുഖോയ് വിമാനത്തിനൊപ്പമായിരുന്നു റാഫേലിന്റെ അടുത്ത ഊഴം. പക്ഷേ ഇത്തവണ ഒരു മിന്നലായി മാത്രമേ കാണികൾക്ക് ഇരു വിമാനങ്ങളേയും കാണുവാനായുള്ളു. വേഗതയുടെ മിന്നൽപ്പിണരുകളായി വ്യോമസേനയുടെ ചുണക്കുട്ടികൾ അപ്പോഴേയ്ക്കും മൈലുകൾ കടന്നിരുന്നു.
വ്യോമസേനാ ദിനത്തോട് അനുബന്ധിച്ചുള്ള അഭ്യാസ പ്രകടനത്തിൽ 56 യുദ്ധവിമാനങ്ങളാണ് അണിനിരന്നത്. 19 യുദ്ധവിമാനങ്ങൾ, ഏഴ് ചരക്ക്/യുദ്ധേതര വിമാനങ്ങൾ, 19 ഹെലികോപ്റ്ററുകൾ എന്നിവയുൾപ്പെടെയാണ് പരേഡിൽ പങ്കെടുത്തത്. ലഡാക്കിൽ ഇന്ത്യ ചൈന സേനകൾ യുദ്ധസജ്ജരായി നിലകൊള്ളുന്ന സമയത്തെ വ്യോമസേന അഭ്യാസങ്ങൾ ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നതായിരുന്നു. വ്യോമസേനാ ദിനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ രാജ്യത്തിന്റെ പരമാധികാരം കാക്കുന്നതിന് വ്യോമസേന പൂർണസജ്ജമാണെന്ന് ചീഫ് എയർ സ്റ്റാഫ് എയർ ചീഫ് മാർഷൽ ആർ കെ എസ് ഭദൗരിയ പറഞ്ഞു. പുതിയ സാഹചര്യത്തിൽ ഇരു രാഷ്ട്രങ്ങളെ ഒരുമിച്ച് നേരിടാനുള്ള പ്രാപ്തി വ്യോമസേനയ്ക്കുണ്ടെന്നും അദ്ദേഹം ചൈനയുടേയും പാകിസ്ഥാന്റെയും പേര് പരാമർശിക്കാതെ അഭിപ്രായപ്പെട്ടു.
റാഫേൽ
റാഫേൽ യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ 17ാം നമ്പർ സ്‌ക്വാഡ്രണിലേക്ക് ഉൾപ്പെടുത്തിയതോടെ സേനയ്ക്കുണ്ടായിരിക്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അംബാല ആസ്ഥാനമായുള്ള ഗോൾഡൺ ആരോസിലാണ് റാഫേലിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. 36 റാഫേൽ വിമാനങ്ങൾക്കാണ് ഇന്ത്യ ഓർഡർ നൽകിയിരിക്കുന്നത്. അടുത്ത വർഷത്തോടെ എല്ലാ വിമാനങ്ങളും വ്യോമസേനയുടെ ഭാഗമാവും. ഇതിന് പുറമേ കൂടുതൽ റാഫാൽ വിമാനങ്ങൾക്ക് കേന്ദ്രം ഓർഡർ നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.
നിർമ്മാതാക്കൾ ഫ്രഞ്ച് കമ്പനിയായ ദസോൾ ഏവിയേഷൻ
വില ഏകദേശം 670 കോടി രൂപ
ഉയരം 5.30 മീറ്റർ
നീളം 15. 30 മീറ്റർ
ഭാരം 10 ടൺ
പരമാവധി വിമാനത്തിനുള്ളിൽ വഹിക്കാനാകുന്ന ഭാരം 24.5 ടൺ
പുറത്ത് വഹിക്കാവുന്ന ഭാരം 9.5 ടൺ
ഒറ്റപറക്കലിൽ 3700 കിലോമീറ്റർ പരിധിവരെ പറക്കാനാകും
മണിക്കൂറിൽ 1912 കിലോമീറ്റർ പിന്നിടാൻ കഴിയും
ചിറകിന്റെ സ്പാൻ 10.90 മീറ്റർ
ഇന്ധന ശേഷി (ഇന്റേണൽ ) 4.7 ടൺ
ഇന്ധന ശേഷി (പുറത്ത്) 6.7 ടൺ
ലാൻഡിംഗ് ഗ്രൗണ്ട് റൺ 45 മീറ്റർ
സർവീസ് സീൽ 50,000 അടി
പരമാവധി വേഗത 1.8 മാക്ക്