rajnath-singh

ന്യൂഡൽഹി: സുപ്രധാന റിപ്പോർട്ടുകൾ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്‌ത് പ്രതിരോധ മന്ത്രാലയം. ചൈനീസ് കടന്നുകയറ്റം ഉൾപ്പടെ 2017 മുതലുളള എല്ലാ പ്രതിമാസ റിപ്പോർട്ടും പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്. അതേസമയം പഴയ റിപ്പോർട്ടുകൾ അധികം താമസിക്കാതെ തന്നെ വെബ്‌സൈറ്റിൽ വരുമെന്നാണ് പ്രതിരോധ മന്ത്രാലയം നൽകുന്ന വിശദീകരണം.

മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് കൂടുതൽ സമഗ്രമായ റിപ്പോർട്ട് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്.

2017ലെ ഡോക്‌ലാം പ്രതിസന്ധിയുടെ കാലത്തെ റിപ്പോർട്ടുകൾ ഉൾപ്പടെ പല സുപ്രധാന വിവരങ്ങളും വെബ്സൈറ്റിലുണ്ടായിരുന്നു.

ചൈനീസ് കടന്നുകയറ്റം വിവാദമായതിന് പിന്നാലെ ഇതേകുറിച്ച് പ്രതിപാദിക്കുന്ന ജൂണിലെ റിപ്പോർട്ട് ഓഗസ്റ്റിൽ നീക്കം ചെയ്‌തിരുന്നു.

'യഥാർത്ഥ നിയന്ത്രണ രേഖയിലും പ്രത്യേകിച്ച് ഗാൽവൻ താഴ്‌വരയിലും മെയ് 5 മുതൽ ചൈനീസ് കടന്നുകയറ്റം രൂക്ഷമാണ്. മേയ് 17, 18 തീയതികളിൽ കുഗ്രാംഗ് നല, ഗോഗ്ര, പാംഗോംഗ് തടാകത്തിന്റെ വടക്കൻ തീരം എന്നിവിടങ്ങളിലും ചൈന നിലയുറപ്പിച്ചു' തുടങ്ങിയ പല കാര്യങ്ങളും റിപ്പോർട്ടിലുണ്ടായിരുന്നു.

ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് കടന്നുകയറിയത് കേന്ദ്രത്തിന്റെ പിടിപ്പുകേടാണെന്ന് രാഹുൽഗാന്ധി വിമർശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റിപ്പോർട്ടുകൾ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്.