shaheen-

പൊതു ഇടങ്ങൾ സ്ഥിരം സമരവേദിയാക്കുന്നതിനെതിരെ ബുധനാഴ്ച സുപ്രീംകോടതി മൂന്നംഗ ബെഞ്ചിൽ നിന്നുണ്ടായ വിധി ഏറെ ശ്രദ്ധേയമാണ്. ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധിക്കാനും സമരം നടത്താനുമുള്ള ജനങ്ങളുടെ അവകാശത്തെ പരമോന്നത കോടതി ഹനിക്കുന്നേയില്ല. അതേസമയം ജനങ്ങൾക്ക് അസൗകര്യങ്ങളും സഞ്ചാരസ്വാതന്ത്ര്യവും നിഷേധിച്ചുകൊണ്ടുള്ള സമരങ്ങൾക്കെതിരെ ഭരണകൂടങ്ങൾ ഇടപെടുക തന്നെ വേണമെന്ന മുന്നറിയിപ്പും വിധിയിലൂടെ മുന്നോട്ടുവയ്ക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ഷഹീൻബാഗിൽ സ്ത്രീകളും കുട്ടികളും പ്രായമായവരുമുൾപ്പെടെ ജനക്കൂട്ടം ആഴ്ചകൾ നീണ്ട റോഡ് ഉപരോധം നടത്തിയിരുന്നു. ഇതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ തീർപ്പാക്കവെയാണ് ഏറെ പൊതു പ്രാധാന്യമുള്ള ഈ വിഷയത്തിൽ കോടതിയുടെ സുപ്രധാന വിധി ഉണ്ടായത്. പൊതു ഇടങ്ങൾ അടച്ചുകെട്ടി ദീർഘകാലം സമരം ചെയ്യുന്നവർ ജനങ്ങൾക്ക് ഭരണഘടന ഉറപ്പുചെയ്യുന്ന സഞ്ചാരസ്വാതന്ത്ര്യമാണ് തടയുന്നത്. ഇത്തരം തടസങ്ങൾ ഇല്ലാതാക്കേണ്ട ചുമതല സർക്കാരിനുള്ളതാണ്. ആ ബാദ്ധ്യത നിറവേറ്റുക തന്നെ വേണമെന്നാണ് പരമോന്നത കോടതി ഓർമ്മിപ്പിച്ചിരിക്കുന്നത്.

തങ്ങൾക്കു ഹിതകരമല്ലെന്നു തോന്നുന്ന നിയമത്തിനും സർക്കാർ തീരുമാനത്തിനുമെതിരെ പ്രതിഷേധിക്കാൻ ജനങ്ങളുടെ അവകാശം അംഗീകരിക്കുമ്പോഴും പൊതുസ്ഥലങ്ങൾ സ്ഥിരമായി അധീനപ്പെടുത്തി സമരം തുടരാൻ ആർക്കും അവകാശമില്ലെന്നാണ് കോടതി എടുത്തുപറഞ്ഞത്. ജനാധിപത്യം എതിർക്കാനുള്ള അവകാശം കൂടി ചേർന്നതാണ്. എതിർപ്പുമായി പ്രക്ഷോഭത്തിനിറങ്ങുന്നവർ അന്യരുടെ ജനാധിപത്യപരമായ അവകാശങ്ങൾ മുടക്കുന്നതും ശരിയല്ല. ഷഹീൻബാഗിൽ ഉപരോധ സമരം നടന്നത് സുപ്രധാന റോഡ് അടച്ചുകെട്ടിയാണ്. പതിനായിരക്കണക്കിനാളുകൾ നിത്യവും യാത്ര ചെയ്യുന്ന പ്രധാന വീഥി ദീർഘനാൾ ഇതുപോലെ കെട്ടിയടയ്ക്കപ്പെട്ട നിലയിലാകുന്നതുമൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സമരക്കാർ ഓർത്തില്ലെങ്കിലും അധികാരികൾ ഓർക്കേണ്ടതായിരുന്നു.

പത്തുപേർ സംഘം ചേർന്ന് തെരുവിലിറങ്ങിയാൽ എന്തും സംഭവിക്കാവുന്ന അരക്ഷിതമായ സ്ഥിതിവിശേഷമാണ് എവിടെയും. ഗതാഗതം മാത്രമല്ല, പൊതുജീവിതം തന്നെ സ്തംഭിപ്പിക്കുന്ന സമരങ്ങളാൽ വീർപ്പുമുട്ടുകയാണ് ജനങ്ങൾ. ഗതാഗതവും പൊതുജീവിതവും പാടേ സ്തംഭിപ്പിക്കുന്ന സമരമുറകൾക്കെതിരെ സുപ്രീംകോടതിയും ഹൈക്കോടതികളും ഇതിനകം എത്രയോ വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്. സംഘടനാ ബലത്തിനു മുമ്പിൽ കോടതി തീർപ്പുകൾ പലപ്പോഴും ഉരുകിയൊലിക്കുന്ന കാഴ്ചയാണു കാണേണ്ടിവരുന്നത്.

പൊതുപ്രശ്നങ്ങളിൽ പ്രതിഷേധിക്കാനും സർക്കാരിനെതിരെ ശബ്ദമുയർത്താനും രാജ്യത്ത് ഒരിടത്തും പ്രത്യേക ഇടങ്ങൾ ഇല്ലാത്തതാണ് പ്രധാന വീഥികളും അതുപോലുള്ള പൊതു ഇടങ്ങളും സമരക്കാർ കൈയടക്കാൻ പ്രധാന കാരണം. തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലായിരിക്കണം പ്രതിഷേധ സമരങ്ങൾ നടത്തേണ്ടതെന്ന സുപ്രീംകോടതിയുടെ നിർദ്ദേശം പ്രാവർത്തികമാകണമെങ്കിൽ ഭരണകൂടങ്ങൾ തന്നെ അതിനു വഴി കണ്ടെത്തണം. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെ കഥ തന്നെയെടുക്കാം. എല്ലാ പ്രവൃത്തിദിവസങ്ങളിലും ഭരണസിരാകേന്ദ്രത്തിനു ചുറ്റും സമരമുഖരിതമാണ്. കാൽനട പോലും അസാദ്ധ്യമാക്കും വിധത്തിലാകും പല ദിവസങ്ങളിലും സമരങ്ങൾ നടക്കാറുള്ളത്.സമരം ചെയ്യാനുള്ള തങ്ങളുടെ അവകാശം ഉയർത്തിപ്പിടിക്കുന്നവർ അന്യരുടെ ജീവിക്കാനുള്ള അവകാശം കൂടി അംഗീകരിക്കാൻ സന്മനസ്സു കാണിക്കുമ്പോഴാണ് ജനാധിപത്യം കൂടുതൽ അർത്ഥവത്താകുന്നത്.