book

മുന്നൂറോളം ആളുകൾ വസിക്കുന്ന സുന്ദര ഗ്രാമമാണ് ഹംഗറിയിലെ സിൻ‌പേട്രി. ലോകത്തിൽ കൈകൊണ്ട് നിർമ്മിച്ച ഏറ്റവും വലിയ പുസ്തകമായ ഫ്രജൈൽ നാച്ചുറൽ ഹെറിറ്റേജുള്ളത് അവിടെയാണ്. 13 അർജന്റീനിയൻ പശുക്കളുടെ തുകലിൽ നിന്ന് നിർമ്മിച്ച 1.4 ടൺ ഭാരമുള്ള പുസ്തകം. പരമ്പരാഗത പേപ്പർ നിർമ്മാണ കല പിന്തുടരുന്ന ബേല വർഗയും മകൻ ഗെബോർ വർഗയും ചേർന്നാണ് ലോകത്ത് കരകൗശല വിദ്യയിൽ നിർമ്മിച്ച ഏറ്റവും വലിയ പുസ്തകമാണിത്. പരമ്പരാഗത ബുക്ക്-ബൈൻഡിംഗ് വിദ്യകൾ ഉപയോഗിച്ചാണ് ഈ പുസ്തകം നിർമ്മിച്ചത്. പുസ്തകം ഇപ്പോൾ സിൻ‌പേട്രിയിലെ പ്രമുഖ പേപ്പർ മില്ലിലാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. 4.18 മീറ്റർ x 3.77 മീറ്റർ അളവുള്ള ഈ പുസ്തകത്തിന്റെ ആകെ ഭാരം 1,420 കിലോഗ്രാം ആണ്. 346 പേജുള്ള ഈ പുസ്തകത്തിൽ പ്രാദേശിക സസ്യജന്തുജാലങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിലും വലിപ്പമുള്ള പുസ്തകം നിർമ്മിക്കുക എന്നത് തങ്ങൾക്ക് അസാദ്ധ്യമായിരുന്നു എന്നാണ് 71 കാരനായ ബേല വർഗ പറയുന്നത്. വലിപ്പം കൊണ്ട് മാത്രമല്ല, ഇതിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യ കാരണവും ഇത് ഒരു സവിശേഷമായ പുസ്തകമാണ് എന്ന കാര്യത്തിൽ സംശയമില്ല. സ്വീഡനിൽ നിന്നുള്ള തടിപ്പലകകളും 13 അർജന്റീൻ പശുക്കളുടെ തുകലും ആണ് ഉപയോഗിച്ചിട്ടുള്ളത്.

സിൻ‌പേട്രി പുസ്തകം നിർമ്മിക്കുക എന്നത് ഒരു വലിയ കടമ്പയായിരുന്നു. ലേസർ ഉപയോഗിച്ചാണ് പുസ്തകത്തിന്റെ വക്ക് വെട്ടി വൃത്തിയാക്കിയത്. ഓസ്ട്രിയൻ പേപ്പർ മില്ലിൽ നിന്നാണ് പേപ്പർ ഇറക്കുമതി ചെയ്തത്. ബിൽബോർഡ് പരസ്യങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വലിയ വ്യാവസായിക പ്രിന്ററിലാണ് അച്ചടി. പേപ്പർ മില്ലിൽ നിന്ന് ഭീമാകാരമായ പുസ്തകം താഴേക്കിറക്കാൻ ക്രെയിൻ ഉപയോഗിക്കേണ്ടി വന്നു. ഈ ഭീമൻ പുസ്തകം കീറുന്നത് ഒഴിവാക്കാൻ, അതിന്റെ ഭീമൻ പേജുകളിലൊന്ന് സൂക്ഷ്മതയോടെ മറിക്കുന്നതിന് ആറ് പേരെങ്കിലും വേണം.

അബുദാബിയിലെ ഒരു കമ്പനി പിന്നീട് 5 മീറ്റർ ഉയരമുള്ള ഒരു പുസ്തകം ഉണ്ടാക്കിയെങ്കിലും പരമ്പരാഗത വിദ്യകൾ ഉപയോഗിച്ച് കൈകൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ പുസ്തകം എന്ന സ്ഥാനം ബേലയുടെ സിൻ‌പേട്രി പുസ്തകത്തിനാണ്.