life-mission

കൊച്ചി: ലൈഫ് മിഷൻ പദ്ധതി മനുഷ്യത്വപരമായ പദ്ധതിയാണെന്ന് സംസ്ഥാന സർക്കാർ. ലൈഫ് മിഷൻ ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുളളത് കൊണ്ടാണ് ഹർജി നൽകിയതെന്നും സർക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചു. സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിൽ അന്വേഷിക്കേണ്ടത് അഴിമതി നിരോധന നിയമം അനുസരിച്ചാണ്. വിജിലൻസ് ആ നിലയ്ക്ക് കേസ് അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

റെഡ് ക്രസന്റും യൂണിടാകും തമ്മിലുള്ള ഇടപാടുകളിൽ സംസ്ഥാന സർക്കാരിന് ബന്ധമില്ലെന്ന് സർക്കാർ വ്യക്തമാക്കി. വടക്കാഞ്ചേരിയിലുള്ള സ്ഥലം ഏറ്റെടുത്ത് കൊടുക്കുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്‌തത്. റെഡ് ക്രെസന്റാണ് യൂണിടാകിനെ നിയമിച്ചത്. സർക്കാർ ഭൂമി നൽകുക മാത്രമാണ് ചെയ്‌തത്. ഇക്കാര്യം ബാങ്ക് സ്റ്റേറ്റ്മെന്റിൽ വ്യക്തമാണ്. റെഡ് ക്രെസന്റ് നേരിട്ടാണ് യൂണിടാകിനും സെയ്ൻ വെഞ്ച്വേർസിനും പണം നൽകിയതെന്നും സർക്കാർ കോടതിയെ ബോദ്ധ്യപ്പെടുത്തി.

ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കില്ലെന്നതാണ് സംസ്ഥാനത്തിന്റെ പ്രധാന വാദം. വിദേശ സഹായം സ്വീകരിച്ചത് കേന്ദ്ര ചട്ടങ്ങൾ ലംഘിച്ചെന്നായിരുന്നു സി.ബി.ഐയുടെ നിലപാട്. അങ്ങനെയെങ്കിൽ സംസ്ഥാന സർക്കാ‍ർ എങ്ങനെയാണ് എഫ്.സി.ആ‍‍ർ.എ നിയമം ലംഘിച്ചതെന്ന് വ്യക്തമാക്കാൻ സി.ബി.ഐയോട് കോടതി ആവശ്യപ്പെട്ടു.