whatsapp-status

തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകളിലൂടെ നിരവധി ആളുകൾക്ക് പണം നഷ്ടപ്പെടാറുണ്ട്. എന്നാലും തട്ടിപ്പുകൾക്കോ അതിൽ വീണ്ടും ചെന്ന് ചാടുന്ന ആളുകൾക്കോ പഞ്ഞമില്ല. കൊവിഡ് കാലത്ത് ആളുകൾ കൂടുതലും വീട്ടിൽ ഇരിക്കാൻ തുടങ്ങിയതോടെ പ്രധാന ആശ്രയം മൊബൈൽ ഫോണും ഇന്റർനെറ്റുമായി. അതോടെ തട്ടിപ്പുകളും പല രീതിയിൽ വർദ്ധിച്ചു.

വാട്സാപ്പ് സ്റ്റാറ്റസുകളുടെ പേരിലാണ് ഏറ്റവും പുതിയ തട്ടിപ്പുകൾ നടക്കുന്നതെന്നും അതിനാൽ ജാഗ്രത പുലർത്തണം എന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. സ്റ്റാറ്റസിലൂടെ ദിവസവും അഞ്ഞൂറ് രൂപ വരെ സമ്പാദിക്കാന്‍ അവസരം എന്ന രീതിയില്‍ ബാങ്ക് അക്കൗണ്ട് വരെ സംഘടിപ്പിച്ച് പണം തട്ടുന്ന സംഘങ്ങള്‍ സജീവമായിട്ടുണ്ടെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. തട്ടിപ്പ് പരസ്യങ്ങള്‍ വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂ‌ർണ്ണരൂപം:

തട്ടിപ്പിന്റെ പുതുവഴികള്‍:
സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം
എന്ന രീതിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം


സ്റ്റാറ്റാസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാന്‍ അവസരം എന്ന രീതിയില്‍ വാട്‌സ് ആപ്പിലൂടെ ധാരാളം സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റ പേജുള്ള ഒരു വെബ്സൈറ്റിലേക്കാണ് പോവുക. അതില്‍ നിങ്ങള്‍ വാട്സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30 ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും ദിവസേന 500 രൂപ വരെ നേടാം എന്നാണ് നല്‍കിയിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്സ്ആപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്താല്‍ , ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപവരെ ലഭിക്കുമെന്നും വാട്സ്ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നുമാണ് വെബ്സൈറ്റില്‍ അറിയിച്ചിരിക്കുന്നത്. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ബാങ്കിങ് വിവരങ്ങള്‍ ശേഖരിച്ചു ബാങ്കിംഗ് തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കാനുമാണ് സാധ്യത. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക.