
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഏറ്റവും വലിയ മാലിന്യക്കൂനകളിലൊന്നായ കിള്ളിപ്പാലം- അട്ടക്കുളങ്ങരെ ബൈപ്പാസ് റോഡിലെ എരുമക്കുഴി മാലിന്യമുക്തമായി. ദിവസങ്ങൾക്കകം ഇവിടെയൊരു പൂങ്കാവനമാകും.
എരുമക്കുഴിയെ മനോഹരമായ ഒരു പൂങ്കാവനം ആക്കുന്നതിനുള്ള ശ്രമങ്ങൾ സ്‌മാർട്ട് സിറ്റി പദ്ധതിയുടെ കീഴിലുൾപ്പെടുത്തിയാണ് നഗരസഭ നടപ്പാക്കുന്നത്.
2388 ക്യുബിക് മീറ്റർ മാലിന്യം
വിളപ്പിൽശാല പൂട്ടിയതിനെ തുടർന്നാണ് നഗരത്തിലെ മാലിന്യങ്ങൾ എരുമക്കുഴിയിൽ തള്ളാൻ തുടങ്ങിയത്. ചാല ചന്തയിലേതടക്കമുള്ള മാലിന്യങ്ങൾ ഇവിടെയാണെത്തിയിരുന്നത്. മൂക്ക് പൊത്താതെ ഇതുവഴി നടന്നു പോകാനാകാത്ത സ്ഥിതിയായിരുന്നു. തുടർന്ന് എരുമക്കുഴി വൃത്തിയാക്കാൻ നഗരസഭ തീരുമാനിച്ചത്. നഗരസഭ ടോട്ടൽ സ്‌റ്റേഷൻ സർവേ നടത്തിയതനുസരിച്ച് നഗരത്തിൽ 2388.18 എം ക്യൂബ് മാലിന്യമാണ് ഉണ്ടായിരുന്നത്. ജനരോഷത്തെ തുടർന്ന് വിളപ്പിൽശാല മാലിന്യ പ്ളാന്റ് അടച്ചുപൂട്ടിയതോടെ ഇവിടത്തെ മാലിന്യങ്ങൾ എരുമക്കുഴിയിലേക്കാണ് കൊണ്ടുപോയി തള്ളിയിരുന്നത്. എരുമക്കുഴിയിലെ മാലിന്യം അവിടെതന്നെ വേർതിരിച്ച് വൃത്തിയാക്കി കിലോയ്ക്ക് 10 രൂപ നിരക്കിൽ നഗരസഭ ക്ലീൻ കേരള കമ്പനിക്ക് നൽകി. പുനരുപയോഗത്തിന് സാദ്ധ്യമല്ലാത്ത പ്ലാസ്റ്റിക് കവറുകൾ, ചെരിപ്പുകൾ, മറ്റ് വസ്തുക്കൾ എന്നിവ വൃത്തിയാക്കിയാണ് കൈമാറുന്നത്.
ജൈവ, അജൈവ വിഭാഗത്തിലായി 2388 ക്യുബിക് മീറ്റർ മാലിന്യമാണ് എരുമക്കുഴിയിൽ നിന്ന് നീക്കം ചെയ്തത്. മാലിന്യം തള്ളാതിരിക്കുന്നതിനായി സ്ഥലം അടച്ചുകെട്ടി. കൊവിഡ് കാലത്ത് നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടന്നവരെയും അന്യസംസ്ഥാന തൊഴിലാളികളെയും അട്ടക്കുളങ്ങരയിലെ ക്യാമ്പിൽ പുനരധിവസിപ്പിച്ചിരുന്നു. ഒഴിവ് സമയങ്ങളിൽ ക്യാമ്പും പരിസരവും സുന്ദരമാക്കാൻ ഇവരുടെ സേവനം അധികൃതർ ഉപയോഗിക്കുകയും ചെയ്തു. തൊഴിലുറപ്പിന് തുല്യമായ കൂലിയാണ് ഇവർക്ക് നൽകിയത്.
പാർക്കും പൂന്തോട്ടവും
മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്ത ശേഷം എരുമക്കുഴിയിൽ പാർക്കും പൂന്തോട്ടവും നിർമ്മിക്കും. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിൽ സമാനമായ മാലിന്യകേന്ദ്രം ഇത്തരത്തിൽ പാർക്കാക്കി മാറ്റിയിരുന്നു. ആ മാതൃക പിന്തുടർന്നാണ് എരുമക്കുഴിയേയും മാലിന്യമുക്തമാക്കുന്നത്. ഇതിനൊപ്പം അജൈവ മാലിന്യ സംസ്‌കരണ കേന്ദ്രവും ഇവിടെ സ്ഥാപിക്കുന്നുണ്ട്. അടുത്ത മാസത്തോടെ പൂന്തോട്ടം പൂർത്തിയാകുമെന്ന് മേയർ കെ.ശ്രീകുമാർ പറഞ്ഞു.
സ്ത്രീ സൗഹൃദ കേന്ദ്രം
പാർക്കും പൂന്തോട്ടവും കൂടാതെ ഇവിടെ ഒരു സ്ത്രീ സൗഹൃദ കേന്ദ്രവും സ്ഥാപിക്കാൻ നഗരസഭയ്ക്ക് പദ്ധതിയുണ്ട്. രണ്ടാംഘട്ടത്തിലായിരിക്കും ഇത്. സ്ത്രീകൾക്കുള്ള വിശ്രമമുറി, അമ്മമാർക്ക് മുലയൂട്ടാനുള്ള സൗകര്യങ്ങളോടെയുള്ള മുറി, ഷീ ടോയ്‌ലറ്റുകൾ എന്നിവയും ഇവിടെയുണ്ടാകും.