
മുസഫർ നഗർ: മഹാപഞ്ചായത്ത് യോഗത്തിനിടെ ആവേശത്തോടെ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും തലയെടുക്കണം എന്ന് പ്രസംഗിച്ച യുവാവിന് കിട്ടിയത് മുട്ടൻ പണി. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ പ്രധാനമന്ത്രിയ്‌ക്കും യു.പി മുഖ്യമന്ത്രിയ്ക്കും എതിരെ പ്രസംഗിച്ചതിന് ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഉത്തർപ്രദേശിലെ മുസാഫർ നഗറിലായിരുന്നു സംഭവം. പൊതുനിരത്തിലെ യോഗത്തിൽ 'നമുക്ക് ഒരുമിക്കാം.പ്രധാനമന്ത്രി മോദിയുടെയും യോഗി ആദിത്യനാഥിന്റെയും തലകൾ നിങ്ങളുടെ കാൽച്ചുവട്ടിൽ കൊണ്ടിടും.' എന്നാണ് യുവാവ് പ്രസംഗിച്ചത്. ഹത്രസിൽ രാഷ്‌ട്രീയ ലോക് ദൾ നേതാവ് ജയന്ത് ചൗധരിക്കെതിരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രസംഗിച്ചതാണ് ഇയാൾ.
ഹത്രസിൽ പീഡനത്തിനിരയായി മരണമടഞ്ഞ യുവതിയുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ജയന്ത് ചൗധരി അറസ്‌റ്റ് ചെയ്യപ്പെട്ടത്.ഒക്‌ടോബർ 4നാണ് ജയന്ത് ചൗധരി മർദ്ദനത്തിന് ഇരയായതും അറസ്‌റ്റ് ചെയ്യപ്പെട്ടതും. സ്ഥലത്ത് ലാത്തിചാർജും നടന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് മുസഫർ നഗർ, ബാഗ്പത്, ബുലന്ത്ശഹർ, അലിഗർഗ്,ബിജ്‌നോർ എന്നിവിടങ്ങളിലും ആർ.എൽ.ഡി പ്രവർത്തകർ സർക്കാരിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇത്തരത്തിൽ ഒരു യോഗത്തിനിടെയാണ് യുവാവിന്റെ പ്രകോപനപരമായ പ്രസംഗം.
Threat to PM CM. Behead them. This all happening before the muzzafarnagar panchayat at Baghpat pic.twitter.com/UnxRdI2ff1— Anil Tiwari (@Interceptors) October 8, 2020