
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 10,000 കടന്നതോടെ രോഗികളുടെ വർദ്ധനയിലുള്ള ആശങ്ക കൂടാതെ കൊവിഡാനന്തര രോഗാവസ്ഥയും ആരോഗ്യവകുപ്പിന് വെല്ലുവിളി ഉയർത്തുന്നു. കൊവിഡ് രോഗം ഭേദമായവരിൽ 90 ശതമാനം പേർക്കും കൊവിഡാനന്തര രോഗാവസ്ഥ ഉണ്ടാകാമെന്നാണ് പഠനങ്ങളിൽ തെളിഞ്ഞത്.
കടുത്ത തലവേദന, ക്ഷീണം എന്നിവയിൽ തുടങ്ങി ഹൃദ്രോഗവും വൃക്കരോഗവും പക്ഷാഘാതവും വരെ ഉണ്ടാകാൻ സാദ്ധ്യതയുെണ്ടന്നാണ് പഠനങ്ങൾ തെളിയിക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. 30 ശതമാനം പേർക്കും മൂന്നു മാസം വരെ സമാനമായ രോഗാവസ്ഥ തുടരാനും സാദ്ധ്യതയുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് എന്ന നിലയിൽ നിന്ന് ശരീരത്തെയാകെ ബാധിക്കുന്ന തരത്തിലേക്ക് കൊവിഡ് വൈറസ് മാറിയിട്ടുണ്ടെന്നും വിദഗ്ദ്ധർ സൂചിപ്പിച്ചു.
എൻസൈം - വൈറസ് കൂട്ടുകെട്ട്
ഹൃദയത്തിന്റെ സാധാരണ നിലയിലും വിവിധ രോഗാവസ്ഥയിലും ഉള്ള പ്രവർത്തനത്തിൽ നിർണായക പങ്കുള്ള
ആന്റിജൻസിൻ കൺവേർട്ടിംഗ് എൻസൈം-2 (എ.സി.ഇ-2) എന്ന എൻസൈമായി ചേർന്നാണ് കൊവിഡ് വൈറസ് ശരീര കോശങ്ങളിൽ എത്തുന്നത്. ഈ എൻസൈം - വൈറസ് കൂട്ടുകെട്ട് ശരീരത്തിൽ എ.സി.ഇ-2 നടത്തുന്ന പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുകയും അത് ഹൃദയ പേശികളിൽ ബലക്കുറവ് അടക്കമുള്ള പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും.
മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം
കൊവിഡ് ഭേദമായ കുഞ്ഞുങ്ങളിൽ ഹൃദയം അടക്കം വിവിധ അവയവങ്ങളെ ബാധിക്കുന്ന തുടർരോഗാവസ്ഥയ്ക്കും വലിയ സാദ്ധ്യതയാണുള്ളത്. ശ്വാസകോശത്തിന് പുറമേ രക്തക്കുഴലുകളെയും കൊവിഡ് ബാധിച്ചേക്കാം. പിന്നീട് ഇത് ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്ത വിതരണത്തെ ബാധിക്കുകയും അത് മറ്റ് പല രോഗാവസ്ഥകൾക്കും കാരണമാകാമെന്നും പഠനങ്ങളിൽ പറയുന്നു. കൊവിഡ് ദേഭമായി രണ്ടാഴ്ച മുതൽ ഒരു
മാസം വരെയുള്ള കാലയളവിലാണ് മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം (പലവിധ അവയവങ്ങളെ ബാധിക്കുന്ന നീർക്കെട്ട്) എന്ന രോഗാവസ്ഥ ഉണ്ടാകുന്നത്.