us-deabte

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, ചൂടേറും വാക്പോരിന് വേദിയായി വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളായ കമല ഹാരിസിന്റേയും മൈക്ക് പെൻസിന്റേയും സംവാദം. ഇന്ത്യൻ സമയം ഇന്നലെ രാവിലെ 6.30ന് ഉട്ടയിലെ സാൾട്ട് ലേക്ക് സിറ്റിയിൽ ആരംഭിച്ച സംവാദത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ കമല ആയുധമാക്കിയത് കൊവിഡ് പ്രതിരോധത്തിലെ ട്രംപ് ഭരണകൂടത്തിന്റെ വീഴ്ചകളായിരുന്നു. വിട്ടു കൊടുക്കാൻ പെൻസും തയ്യാറായിരുന്നില്ല.

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഡൊണൾഡ് ട്രംപിന്റെ കൊവിഡ് പ്രതിരോധമെന്ന് കമല പറഞ്ഞു. ട്രംപിന്റെ കാലത്ത് വികസിപ്പിച്ച വാക്‌സിന്റെ വിശ്വാസ്യതയിൽ സംവാദത്തിനിടെ കമല സംശയം പ്രകടിപ്പിച്ചു.

"ശാസ്ത്ര ഉപദേശകരുടെ പിന്തുണയില്ലാതെ ട്രംപിന്റെ നിർബന്ധത്താൽ മാത്രം പുറത്തിറങ്ങുന്ന കൊവിഡ് വാക്‌സിൻ ഞാൻ സ്വീകരിക്കില്ല. ശാസ്ത്ര ഉപദേശകർ നിർദ്ദേശിച്ചാൽ വാക്‌സിൻ സ്വീകരിക്കുന്നവരുടെ മുൻ നിരയിൽ ഞാൻ ഉണ്ടാകും", കമല പറഞ്ഞു.

ട്രംപ് ഭരണകാലത്ത് വാക്‌സിൻ വികസിപ്പിച്ചതിന്റെ പേരിൽ ആ വാക്‌സിനിലുള്ള പൊതുജനവിശ്വാസം നിങ്ങൾ ദുർബലപ്പെടുത്തുന്നത് വലിയ തെറ്റാണെന്ന് പെൻസ് മറുപടി നൽകി. "ജനങ്ങളുടെ ജീവൻ വച്ച് രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കൂ" എന്നായിരുന്നു പെൻസിന്റെ പ്രതികരണം

കൊവിഡ് വാക്സിൻ ഈ വർഷം തന്നെയുണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

കൊവിഡിന്റെ അപകടസാദ്ധ്യതകൾ അറിഞ്ഞിട്ടും വൈറ്റ്ഹൗസ് നടപടിയെടുത്തില്ല. കൊവിഡ് ഭീഷണി തട്ടിപ്പാണെന്ന് വരെ പ്രസിഡന്റ് പറഞ്ഞു. അങ്ങനെ അവരതിന്റെ ഗൗരവം കുറച്ചു", കമല പറഞ്ഞു

എന്നാൽ ജനുവരി 31ന് തന്നെ ചൈനയിൽ നിന്നുള്ളവരുടെ വരവ് നിരോധിച്ചിരുന്നിരുന്നെന്ന് പെൻസ് തിരിച്ചടിച്ചു. ആദ്യ ദിവസം മുതൽ തന്നെ അമേരിക്കയുടെ ആരോഗ്യത്തിനാണ് ട്രംപ് പ്രാധാന്യം നൽകിയത്", പെൻസ് പറഞ്ഞു..

മഹാമാരിയെ നേരിടാൻ കൃത്യമായ പദ്ധതികളില്ലാത്ത ട്രംപ് ഭരണകൂടം സമ്പൂർണ പരാജയമാണെന്ന് കമല കുറ്റപ്പെടുത്തി. ഏറ്റവും കുറഞ്ഞത് ജനങ്ങളോട് സത്യം പറയാനെങ്കിലും ട്രംപ് തയാറാകണം. സ്വന്തം ആരോഗ്യകാര്യത്തിലും നികുതിയുടെ കാര്യത്തിലും ട്രംപ് കള്ളം പറയുകയാണെന്ന് കമല തുറന്നടിച്ചു. കമ്യൂണിസ്റ്റ് ചൈനയുടെ കുഴലൂത്തുകാരായി മാറി ട്രംപ് സർക്കാരെന്ന് കമല പറഞ്ഞു. വ്യാപാരയുദ്ധത്തിൽ അമേരിക്ക പരാജയപ്പെട്ടു. വർണവെറിയന്മാരെ പിന്തുണയ്ക്കുന്ന ട്രംപിൽ നിന്ന് വ്യത്യസ്തമായി രാജ്യത്തെ ഒരുമിപ്പിച്ച് നിറുത്താൻ ബൈഡനാവുമെന്ന് കമല ഹാരിസ് അവകാശപ്പെട്ടു.

ഒബാമയുടെ ഭരണത്തിൽ തകർന്ന സമ്പദ്‌വ്യവസ്ഥയെ ട്രംപ് കരകയറ്റിയെന്ന് പെൻസ് അവകാശപ്പെട്ടു.

ഐ.എസ് വിരുദ്ധപോരാട്ടത്തിൽ ട്രംപിനു കീഴിൽ അമേരിക്ക വിജയം കണ്ടെന്നും പെൻസ് ചൂണ്ടിക്കാട്ടി.

കാലാവസ്ഥ വ്യതിയാനം, ഗർഭച്ഛിദ്ര നിയമം, സുപ്രീംകോടതി ജഡ്ജി നിയമനം എന്നീ വിഷയങ്ങളും സംവാദത്തിൽ ചർച്ചയായി