
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനൊപ്പമുളള തന്റെ കുടുംബാംഗത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചുവെന്ന് മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി സ്മിതാമേനോൻ. ഒരു മാദ്ധ്യമത്തോട് സംസാരിക്കവെയാണ് അവർ ഇക്കാര്യം അറിയിച്ചത്. കൊച്ചി സിറ്റിപൊലീസ് കമ്മിഷണർക്കാണ് പരാതി നൽകിയത്.
ഇപ്പോൾ പ്രചരിക്കുന്ന ഫോട്ടോകളൊന്നും ഒളിപ്പിച്ചുവച്ചതല്ല. എല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തതാണ്. അതെടുത്ത് മോശമായി പ്രചരിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും തന്നെയും കുടുംബത്തെയും എങ്ങനെയൊക്കെ ഉപദ്രവിക്കാം എന്നതിന്റെ പരമാവധിയാണ് ഇപ്പോൾ നടക്കുന്നതെന്നും സ്മിത പറഞ്ഞു. രാജ്യാന്തര കോൺഫറൻസിൽ പങ്കെടുത്തപ്പോഴുളള ചിത്രവും സോഷ്യൽമീഡിയ പ്രൊഫൈലിൽ നിന്ന് എടുത്ത് പ്രചരിപ്പിച്ചതാണെന്നും അവർ വ്യക്തമാക്കി.
മുരളീധരനൊപ്പം രാജ്യാന്തര കോൺഫറൻസിൽ പങ്കെടുത്തതിനെക്കുറിച്ചും സ്മിത വിശദീകരിച്ചു. ഒരു രാജ്യാന്തര ബിസിനസ് കോൺഫറൻസ് റിപ്പോർട്ടുചെയ്യാൻ അവസരം കിട്ടുമല്ലോ എന്ന് കരുതി അങ്ങോട്ട് ചോദിച്ച് സ്വന്തം പണംമുടക്കിയാണ് കോൺഫറൻസിന് പോയത്. 2007 മുതൽ കൊച്ചിയിൽ പി ആർ ഏജൻസി നടത്തുന്ന ആൾ എന്ന നിലയിലായിരുന്നു ഇത്. മാദ്ധ്യമങ്ങൾക്ക് കോൺഫറൻസിൽ പ്രവേശനമുണ്ടോ എന്ന് വിളിച്ച് ചോദിച്ചശേഷമാണ് അദ്ദേഹം പങ്കെടുക്കാൻ അവസരം ഒരുക്കിയത്. ദുബായിലുളള സഹോദരനും ഭാര്യയ്ക്കുമൊപ്പമാണ് താമസിച്ചത്. സർക്കാരിന് ഒരു ചെലവും വരുത്തിയിട്ടില്ല. ഈ യാത്രയാണ് ഇപ്പോൾ പ്രോട്ടോക്കോൾ ലംഘനം തുടങ്ങി പലകഥകളായി പ്രചരിക്കുന്നത്-സ്മിത പറയുന്നു.
അബുദാബിയിലെ കോൺഫറൻസിൽ സ്മിത പങ്കെടുത്തത് ചട്ടലംഘനമാണെന്ന് കാണിച്ച് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ പ്രധാനമന്ത്രിക്ക് പരാതി നൽകിയതിനെത്തുടർന്ന് വിദേശകാര്യമന്ത്രിയുടെ ഓഫീസിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ സ്മിതാ മേനോനെ മഹിളാ മോർച്ച ഭാരവാഹിയാക്കിയത് തന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വി മുരളീധരനെതിരായ വിവാദത്തിൽ സി പി എം ഒത്താശയോടെ വ്യക്തിഹത്യ നടക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.