trump

വാഷിംഗ്ടൺ: കൊവിഡിനെ ട്രംപും ട്രംപിനെ കൊവിഡും വി‌‌ടുന്ന ലക്ഷണമില്ല. ലോകത്തെയാകെ മാറ്റിമറിച്ച മഹാമാരിയുടെ തുടക്കം മുതൽ വിമർശനങ്ങളും വിവാദങ്ങളും ഏറ്റുവാങ്ങുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡാെണാൾഡ് ട്രംപ്.

കൊവിഡ് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ ട്രംപിന്റെ ട്വീറ്റാണ് പുതിയ വിവാദമായിരിക്കുന്നത്. തനിക്ക് കൊവിഡ് പിടിപെട്ടത് ദൈവാനുഗ്രഹമെന്നാണ് ട്വീറ്റ്. നിരവധി പരീക്ഷണാത്മകമായ ചികിത്സകൾ തനിക്ക് നടത്തിയെന്നും അത് അമേരിക്കയിലെ ജനങ്ങൾക്ക് സൗജന്യമായി നൽകുമെന്നും ട്രംപ് അറിയിച്ചു. ട്രംപ് കൊവിഡ് മുക്തനായോ എന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം. ട്രംപ് പൂർണമായി രോഗമുക്തനല്ലെന്നും ഒരാഴ്ചയോളം കടുത്ത നിയന്ത്രണങ്ങൾ പാലിക്കണമെന്നും അദ്ദേഹത്തെ ചികിത്സിച്ച സൈനിക ആശുപത്രിയിലെ ഡോ.സീൻ കോൺലി അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിലെത്തിയ ട്രംപ് മാസ്ക് ഊരി മാറ്റി മാദ്ധ്യമങ്ങൾക്കായി ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു.