
ബംഗളുരു: നിർത്തിയിട്ടിരുന്ന കാർ തനിയെ സ്‌റ്റാർട്ടായി ഉണ്ടായ അപകടത്തിൽ സ്‌ത്രീ തൽക്ഷണം മരിച്ചു. ബംഗളുരു സ്വദേശിനി നന്ദിനി റാവു(45) ആണ് അപകടത്തിൽ പെട്ടത്. ഇവരുടെ വീടിനോട് ചേർന്ന് റിവേഴ്‌സ് ഗിയറിൽ നിർത്തിയിട്ടിരുന്ന കാർ തനിയെ സ്‌റ്റാർട്ടായി പിന്നിലേക്ക് പാഞ്ഞ് നന്ദിനി റാവുവിനെ ഇടിക്കുകയായിരുന്നു. തുടർന്ന് ഇവരുടെ തല അടുത്തുളള മരത്തിന്റെയും കാറിന്റെയും ഇടയിൽ പെട്ട് തകർന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ ഇവർ മരണമടഞ്ഞു.
സംഭവത്തിൽ അപകട മരണത്തിന് സദാശിവ് നഗർ ട്രാഫിക് പൊലീസ് കേസെടുത്തിട്ടുണ്ട്. റിവേഴ്സ് ഗിയറിൽ നിർത്തിയിട്ടിരുന്ന കാർ തനിയെ സ്‌റ്റാർട്ടായി അനങ്ങി തുടങ്ങുകയും നന്ദിനി റാവുവിനെ മരത്തോട് ചേർത്ത് ഇടിക്കുകയുമായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ട്. മുൻപ് തന്റെ വീടിന് മുന്നിലുളള ഈ മരം വെട്ടി മാറ്റണം എന്ന് ഇവർ ആവശ്യപ്പെട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു.