
വാഷിംഗ്ടൺ: ഭൂമിയെക്കാൾ ജീവന് സാദ്ധ്യതയുള്ള ഗ്രഹങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്. വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.
24 സൂപ്പർ ഹാബിറ്റബിൾ ഗ്രഹങ്ങളാണ് നിരീക്ഷകർ കണ്ടെത്തിയിരിക്കുന്നതെന്നാണ് പഠനത്തിൽ പറയുന്നത്. ഈ ഗ്രഹങ്ങൾ ഭൂമിയെക്കാൾ വലിപ്പമുള്ളതും പഴക്കം ചെന്നതും, ചൂടും ഈർപ്പമുള്ളതും ആണെന്നാണ് കണ്ടെത്തൽ. സൂര്യനെക്കാൾ കുറഞ്ഞ വേഗതയിൽ മാറുന്ന നക്ഷത്രങ്ങളെ പരിക്രമണം ചെയ്യുന്ന ഈ ഗ്രഹങ്ങളിൽ ജീവിതം എളുപ്പത്തിലാകുമെന്നും അവർ കൂട്ടിച്ചേർത്തു.
ഇവിടുത്തെ നക്ഷത്രങ്ങൾക്ക് സൂര്യനെക്കാൾ ആയുർദൈർഘ്യം കൂടുതലാണ്. 24 ഗ്രഹങ്ങളും 100 പ്രകാശവർഷത്തിലധികം അകലെയാണത്രേ. അതിനാൽ തന്നെ അവയെ അടുത്ത് കാണുന്നതും ഏറെ ബുദ്ധിമുട്ടാണ്.
എന്നിരുന്നാലും ഭാവിയിൽ ടെലസ്കോപ്പ് വഴിയുള്ള നിരീക്ഷണങ്ങൾക്ക് ഈ വിവരങ്ങൾ സഹായകരമാകും. അടുത്ത ബഹിരാകാശ ദൂരദർശിനി വരുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും അതിനാൽ ചില ലക്ഷ്യങ്ങൾ കൂടി മനസിലാക്കേണ്ടതുണ്ടെന്നും കണ്ടെത്തലിന് നേതൃത്വം നൽകിയ പ്രൊഫസർ ഡിർക്ക് ഷുൾസ് മകുച്ച് പറഞ്ഞു.
അതേസമയം, ഇവിടെ ജീവന്റെ തുടിപ്പ് ഉണ്ടെന്ന് അവകാശപ്പെടുന്നില്ല. ജീവിതത്തിന്റെ അഭിവൃദ്ധിക്ക് ആവശ്യമായ വ്യവസ്ഥകൾ ഉണ്ടാകും.
ഭൂമിക്ക് 4.5 ബില്യൻ വർഷത്തെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, അഞ്ച് മുതൽ എട്ട് ബില്യൻ വർഷം വരെ പഴക്കമുള്ള ഏതൊരു ഗ്രഹത്തിലും ജീവൻ എളുപ്പത്തിൽ നിലകൊള്ളുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ഭൂമിയേക്കാൾ 10 ശതമാനം വലിപ്പം കൂടിയ ഗ്രഹങ്ങളാണ് ഗവേഷകർ നോക്കുന്നത്. കാരണം അത്തരം പ്രദേശങ്ങൾ കൂടുതൽ വാസയോഗ്യമാണെന്നാണ് സംഘം കണ്ടെത്തിയിരിക്കുന്നത്. ഈ പഠനം ആസ്ട്രോ ബയോളജിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.