prince-william

ലണ്ടൻ: പരിസ്ഥിതി സംരക്ഷണത്തിന് മുൻതൂക്കം നൽകുന്നവരെ കണ്ടെത്തി ആദരിക്കാനൊരുങ്ങി വില്യം രാജകുമാരൻ. കഴിഞ്ഞ ദിവസമാണ് മൾട്ടി മില്യൺ പൗണ്ട് എൻവയോൺമെന്റ് പ്രൈസിനെക്കുറിച്ച് വില്യം പ്രഖ്യാപനം നടത്തിയത്. ദ എർത്ത്ഷോട്ട് പ്രൈസ് എന്ന് പേരിട്ടിരിക്കുന്ന പുരസ്കാരത്തിന് ഒരു മില്യൺ പൗണ്ടാണ് സമ്മാനത്തുക. അടുത്ത പത്തുവർഷത്തേക്ക് പ്രകൃതി സംരക്ഷണവും വിട്ടുകൊടുക്കലും, ശുദ്ധവായു, സമുദ്ര സംരക്ഷണം, മാലിന്യ നിർമാർജനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഭാഗങ്ങളിലാവും പുരസ്കാരങ്ങൾ സമ്മാനിക്കുക. ഈ വർഷതിതെ പുരസ്കാര ജേതാക്കൾക്കായുള്ള നാമനിർദ്ദേശം നവംബർ ഒന്നിന് ആരംഭിക്കും. അടുത്തവർഷം സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായി പുരസ്കാര വിതരണം നടക്കും. 2030 ഓടു കൂടി പല വിധ പ്രശ്നങ്ങൾ ഭൂമിയെ പിടികൂടാൻ സാദ്ധ്യതയുണ്ട്. അവ ഒഴിവാക്കാൻ ഇപ്പോൾ തന്നെ നാം പരിശ്രമിക്കണമെന്ന് ബി.ബി.സിയ്ക്കു നൽകിയ അഭിമുഖത്തിൽ വില്യം വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷകൻ ഡേവിഡ് ആറ്റൻബറോയും ഒപ്പമുണ്ടായിരുന്നു. 38കാരനായ വില്യം രാജകുമാരൻ ബ്രിട്ടന്റെ കിരീടാവകാശികളിൽ രണ്ടാമനാണ്.