
ഹെൽസിങ്കി: മുതൽവൻ എന്ന തമിഴ് സിനിമയെപ്പറ്റി എല്ലാവർക്കും അറിയാം. മാദ്ധ്യമപ്രവർത്തകനായ നായകന് ഒരു ദിവസത്തേക്ക് തമിഴ്നാട് മുഖ്യമന്ത്രി പദത്തിലിരിക്കാൻ അവസരം ലഭിക്കുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമായിരുന്നു സിനിമയുടെ ഇതിവൃത്തം. ഈ സിനിമാക്കഥ ഇപ്പോൾ അങ്ങ് ഫിൻലാൻഡിൽ യാഥാർത്ഥ്യമായിരിക്കുകയാണ്.
ഒരു ദിവസത്തേക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രി പദമലങ്കരിക്കാൻ അവസരം ലഭിച്ചത് 16കാരിയായ ആവാ മുർട്ടോക്കായിരുന്നു. പ്രധാനമന്ത്രി സന്ന മരിൻ ബുധനാഴ്ചയാണ് അധികാരം താത്കാലികമായി ആവയ്ക്ക് നൽകിയത്. കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന പ്ലാൻ ഇന്റർനാഷനൽ എന്ന ചാരിറ്റി സംഘടനയുടെ 'ഗേൾസ് ടേക്കോവർ' കാമ്പയിന്റെ ഭാഗമായാണ് 'ഒരു ദിവസം പ്രധാനമന്ത്രി' പരിപാടി നടത്തിയത്
ആവേശകരമായ ദിവസമായിരുന്നു ഇതെന്ന് ആവാ പറയുന്നു. ചാൻസലർ ഒഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയശേഷം പാർലമെന്റിന്റെ പടവുകളിൽ കുട്ടി പ്രധാനമന്ത്രി മാദ്ധ്യമങ്ങളെ അഭിമുഖീകരിച്ചു.
കാലാവസ്ഥ വ്യതിയാനം, മനുഷ്യാവകാശം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ആവ പ്രവർത്തിക്കുന്നുണ്ട്.
ബുധനാഴ്ച നിരവധി എം.പിമാരുമായും മന്ത്രിമാരുമായും ആവ സംസാരിച്ചു. 'പെൺകുട്ടികൾ എത്ര പ്രധാനപ്പെട്ടവരാണെന്ന് തിരിച്ചറിയേണ്ടത് ആവശ്യമാണ്. സാങ്കേതികതയിൽ ആൺകുട്ടികളെപ്പോലെ അവരും മിടുക്കരാണ്. കൂടുതൽ പരിഷ്കരണങ്ങൾക്കായി മുതിർന്നവർക്ക് മാർഗദർശനം നൽകാനും ഭാവിയെക്കുറിച്ച് കൂടുതൽ ചിന്തിക്കാനും യുവജനതക്ക് കഴിയുമെന്നാണ് ഞാൻ കരുതുന്നത്' -ആവാ പറഞ്ഞു.