
തെക്ക് പടിഞ്ഞാറൻ ചൈനയിലെ ചോംഗ്ക്വിംഗിലെ പ്രധാന ടൂറിസ്റ്റ് ആകർഷണമാണ് പരസ്പരം ഫ്ലൈയിംഗ് കിസ് നൽകുന്ന ഈ രണ്ട് ഭീമൻ പ്രതിമകൾ. സംഭവം ഒരു റൈഡാണ് കേട്ടോ. ' ഫ്ലൈയിംഗ് കിസ് ' എന്ന് തന്നെയാണ് ഈ റൈഡിന്റെ പേര്. ഒരു വലിയ മലയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ പ്രതിമകൾ പുരുഷൻറെയും സ്ത്രീയുടെയും ആകൃതിയിലാണുളളത്. രണ്ടു പ്രതിമകളുടെയും ഒരു കൈ ഉയർത്തിപ്പിടിച്ച നിലയിലാണ്. ഈ കൈകളിലാണ് സന്ദർശകർക്ക് മനോഹരമായ കാഴ്ച ആസ്വദിക്കാനുളള റൈഡ്. 3,000 അടി ഉയരത്തിലാണ് പ്രതിമകളിലെ ഒബ്സർവേഷൻ ഡെക്ക് സ്ഥാപിച്ചിരിക്കുന്നത്. അതായത്, മനക്കട്ടിയില്ലാത്തവർ ഇതിൽ കയറി റിസ്കെടുക്കരുത്.
താഴേക്ക് നോക്കിയാൽ ചിലപ്പോൾ തല കറങ്ങിയെന്ന് വരാം. ഇതൊന്നുമല്ല രസം, റൈഡിൽ സീറ്റോ സീറ്റ് ബെൽറ്റോ മറ്റ് സുരക്ഷാ സംവിധാനങ്ങൾ ഒന്നും ഇല്ല. ആകെയുളളത് ചുറ്റും കമ്പി ഗേറ്റ് മാത്രമാണ്. കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നാമെങ്കിലും നിരവധി പേരാണ് ഇവിടെ സാഹസിക റൈഡിനെത്തുന്നത്.
മുഖത്തോട് മുഖം നോക്കി നിൽക്കുന്ന പ്രതിമകൾ താഴേക്ക് കുനിയുമ്പോഴാണ് താഴേ നിന്നും സന്ദർശകരെ ഒബ്സർവേഷൻ പ്ലാറ്റ്ഫോമിലേക്ക് കയറ്റുന്നത്. എല്ലാവരും കയറിക്കഴിയുമ്പോൾ ഇരു പ്രതിമകളും മുകളിലേക്ക് ഉയരും. പിന്നെ കറങ്ങി പരസ്പരം അടുത്ത് വരും. വീണ്ടും അകലുകയും അടുത്ത് വരികയും ചെയ്യുന്നു. ഈ സമയമെല്ലാം പ്രതിമകളുടെ കൈകളിലുളള ഒബ്സർവേഷൻ ഡെക്കിലുളളവർക്ക് ചുറ്റുമുളള മനോഹരമായ കാഴ്ചകൾ ആസ്വദിക്കാം. ചൈനീസ് പുരാണങ്ങളിൽ പരാമർശിക്കുന്ന പ്രണയ ജോഡികളാണ് ഈ പ്രതിമകൾ.