
സ്റ്റോക്ക്ഹോം:ജീവിതത്തിനും മനുഷ്യ ബന്ധങ്ങൾക്കും കവിതയുടെ അഭൗമ സൗന്ദര്യം പകർന്നു നൽകിയ അമേരിക്കൻ കവയിത്രി ലൂയിസ് എലിസബത്ത് ഗ്ലൂക്ക് സാഹിത്യത്തിനുള്ള ഇക്കൊല്ലത്തെ നോബൽ സമ്മാനത്തിന് അർഹയായി. എട്ട് കോടി രൂപയാണ് സമ്മാനത്തുക
അമേരിക്കയിലെ യേൽ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് പ്രൊഫസറാണ് 77 കാരിയായ ലൂയിസ് ഗ്ലൂക്ക്. സാഹിത്യ നോബൽ നേടുന്ന പതിനഞ്ചാമത്തെ വനിതയാണ്.
മിത്തുകളിൽ നിന്നും ക്ലാസിക്കൽ പ്രതീകങ്ങളിൽ നിന്നും പ്രചോദനം കൊള്ളുന്നതാണ് ലൂയിസ് ഗ്ലൂക്കിന്റെ രചനാ ശൈലിയെന്ന് നോബൽ കമ്മിറ്റി വിലയിരുത്തി. അവരുടെ മിക്ക കൃതികളും മിത്തുകളുടെയും പ്രതീകങ്ങളുടെയും സാന്നിദ്ധ്യത്താൽ സമ്പന്നമാണ്. കുട്ടിക്കാലവും കുടുംബ ജീവിതവും മാതാപിതാക്കളോടും സഹോദരങ്ങളോടുമുള്ള അകമഴിഞ്ഞ സ്നേഹവും ലൂയിസിന്റെ കൃതികളിൽ ശക്തമാണെന്നും ഈ ബന്ധങ്ങൾക്ക് അവർ സാർവലൗകിക മാനം നൽകുന്നതായും നോബൽ കമ്മിറ്റി പറഞ്ഞു.
1943ൽ ജനിച്ച ലൂയിസ് ഗ്ലൂക്ക് 1968ൽ ഫസ്റ്റ് ബോൺ എന്ന കൃതിയിലൂടെയാണ് സാഹിത്യ ജീവിതം തുടങ്ങുന്നത്. അന്ന് വെറും 25 വയസാണ്. 1975ൽ പ്രസിദ്ധീകരിച്ച ദ ഹൗസ് ഓഫ് മാർഷ് ലാൻഡ് അവരെ ശ്രദ്ധേയയാക്കി.