
സിഡ്നി: നീലനിറമുള്ള എട്ട് കണ്ണുകളാണ് ആ സുന്ദരനുള്ളത്. സംശയിക്കേണ്ട, അവനൊരു ചിലന്തി തന്നെയാണ്.
പതിനെട്ട് മാസങ്ങൾക്ക് മുമ്പാണ് ആസ്ട്രേലിയയിലെ ന്യൂസൗത്ത് വെയ്ൽസ് സ്വദേശിയായ അമാൻഡ ഡി ജോർജെന്ന പരിസ്ഥിതി സ്നേഹി ഈ പുതിയയിനം ചിലന്തിയെ ആദ്യമായി കണ്ടത്. കണ്ടയുടൻ അമാൻഡ ഇതിന്റെ ചിത്രങ്ങൾ പകർത്തിയെങ്കിലും പിന്നീട്, അവയെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചില്ല. എന്നാൽ, ചിലന്തിയെ കുറിച്ചുള്ള വിവരങ്ങൾ അറിയാവുന്നവർ പങ്കുവയ്ക്കണമെന്ന് അമാൻഡ ചിത്രത്തോടൊപ്പം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ഫേസ്ബുക്കിലെ ചിത്രങ്ങൾ കണ്ട് ചിലന്തികളെ കുറിച്ച് പഠനം നടത്തുന്ന ജോസഫ് ഷൂബെർട്ടാണ് ഇവയെ തിരഞ്ഞ് കണ്ടെത്താൻ അമാൻഡയോട് നിർദ്ദേശിച്ചത്.
ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ ഇനം ചിലന്തിയാണ് ഇവയെന്ന് ഷൂബെർട്ടിന് ഉറപ്പുണ്ടായിരുന്നു.
ഷൂബെർട്ടിന്റെ നിർദ്ദേശമനുസരിച്ച് അമാൻഡ ചിലന്തിയെ തിരഞ്ഞിറങ്ങി. വീടിന് പിന്നിലുള്ള സ്ഥലത്താണ് ആദ്യം ചിലന്തിയെ കണ്ടതെങ്കിലും പിന്നീട് കണ്ടെത്താൻ മാസങ്ങളോളം വേണ്ടി വന്നു. അവസാനം രണ്ടാഴ്ച മുമ്പ് അമാൻ വീണ്ടും നീലക്കണ്ണുകളുള്ള ചിലന്തിയെ കണ്ടെത്തി. ചിലന്തിയെ പിടികൂടി ഒഴിഞ്ഞ കണ്ടെയ്നറിലാക്കി. ഇതിനിടെ ഇതേ തരത്തിലുള്ള രണ്ടാമതൊരു ചിലന്തിയെ കൂടി അമാൻഡയ്ക്ക് ലഭിച്ചു.
രണ്ട് പാത്രങ്ങളിലാക്കി അമാൻഡ ഇവയെ മെൽബണിനുള്ള ഷൂബെർട്ടിനയച്ചു. ജംപിംഗ് സ്പൈഡർ എന്ന വിഭാഗത്തിൽപ്പെട്ട ഈ ചിലന്തികൾ പരസ്പരം ഭക്ഷിക്കുന്നവയാണ്. മ്യൂസിയംസ് വിക്ടോറിയയുടെ ലാബുകൾ വീണ്ടും തുറന്നു കഴിഞ്ഞാൽ ഇവയ്ക്ക് ഔദ്യോഗികമായി പേര് നൽകും.