
കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ തോറ്റെങ്കിലും വിക്കറ്റ് കീപ്പർ എന്ന നിലയിൽ തന്റെ മികവ് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ് മഹേന്ദ്ര സിംഗ് ധോണി. 39 വയസ് പിന്നിട്ടെങ്കിലും തന്റെ കീപ്പിംഗ് സ്കില്ലിലും ഫിറ്റ്നസിലും ഒരു കുറവും വന്നിട്ടില്ലെന്ന് വിളിച്ചുപറയുന്നതായിരുന്നു ശിവം മാവിയെ പുറത്താക്കാൻ എടുത്ത ഡൈവിംഗ് ക്യാച്ച്. വലത്തേക്ക് ഡൈവ് ചെയ്ത് പന്ത് തട്ടി ഉയർത്തിയശേഷം മുന്നോട്ടോടി പിടിക്കുകയായിരുന്നു ധോണി. കഴിഞ്ഞ ദിവസം റൺസെടുക്കുന്നതിനിടെ ക്ഷീണവും ചുമയും ബാധിച്ച ധോണിയെ പ്രായത്തിന്റെ പേരിൽ മുന വച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ കളിയാക്കിയിരുന്നു. പ്രായം ചിലവർക്ക് നമ്പർ മാത്രവും മറ്റു ചിലർക്ക് കളിനിറുത്താനുള്ള സമയവും എന്നായിരുന്നു ഇർഫാന്റെ കമന്റ്. ഇതിന് പിന്തുണയുമായി ഹർഭജൻ സിംഗും എത്തിയിരുന്നു. അതേസമയം കീപ്പിംഗിലെപ്പോലെ ബാറ്റിംഗിൽ പഴയ മികവ് നിലനിറുത്താനാകാത്തത് ധോണിക്ക് ക്ഷീണമായിട്ടുണ്ട്. കൊൽക്കത്തയ്ക്ക് എതിരായ മത്സരത്തിൽ 12പന്തുകളിൽ 11 റൺസ് മാത്രം നേടിയ ധോണിയെ സമൂഹമാദ്ധ്യമങ്ങളിൽ ട്രോളന്മാർ വെറുതെ വിടുന്നില്ല.
104
ഐ.പി.എല്ലിൽ വിക്കറ്റ് കീപ്പറായി 100 ക്യാച്ചുകൾ എന്ന നാഴികക്കല്ല് കടന്ന ധോണി ദിനേഷ് കാർത്തികിന്റെ റെക്കാഡിന് ഒപ്പമെത്തി. പഞ്ചാബിനെതിരായ മത്സരത്തിലായിരുന്നു ധോണി 100 ക്യാച്ചുകൾ തികച്ചത്. കൊൽക്കത്തയ്ക്ക് എതിരെ നാലുക്യാച്ചുകൾ കൂടി ധോണി നേടി 103 കീപ്പർ ക്യാച്ചുകൾ ഉണ്ടായിരുന്ന കാർത്തിക്കിനെ മറികടന്നിരുന്നു. എന്നാൽ മറുപടി ഇന്നിംഗ്സിൽ ഡുപ്ളെസിയുടെ ക്യാച്ചെടുത്ത് കാർത്തിക് 104 ക്യാച്ചുകൾ എന്ന ധോണിയുടെ റെക്കാഡിന് ഒപ്പമെത്തി.