
പത്തനംതിട്ട: കുടുംബ വഴക്കിനെ തുടർന്ന് പിണങ്ങിത്താമസിച്ചിരുന്ന ഭാര്യയുടെ മുഖത്തും ശരീരത്തിലും യുവാവ് ആസിഡൊഴിച്ചു. ശരീരം പൊള്ളി ഗുരുതരാവസ്ഥയിലായ പെരുനാട് വെൺകുളം കിഴക്കേതിൽ പുത്തൻവീട്ടിൽ പ്രീജ (38) യെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് കണ്ണൂർ ഇരിക്കൂർ സ്വദേശി ബിനീഷിനെ (34) നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു. ഇന്നലെ രാവിലെ 9 ന് റാന്നി പെരുനാട്ടിലാണ് സംഭവം.
പൊലീസ് പറയുന്നത് - 13 വർഷം മുമ്പ് ഗുജറാത്തിൽ ജോലി ചെയ്യുന്നതിനിടയിലാണ് ബിനീഷും പ്രീജയും വിവാഹിതരായത്. നാട്ടിൽ മടങ്ങിയെത്തിയ ഇവർ ഒരു വർഷമായി പിരിഞ്ഞ് താമസിക്കുകയാണ്. ബിനീഷ് ഇരിക്കൂരിൽ മിൽമയുടെ വാഹനത്തിലെ ഡ്രൈവറാണ്. മഠത്തുംമൂഴിയിലെ സൂപ്പർമാർക്കറ്റിൽ സെയിൽസ് ഗേളായി ജോലി ചെയ്യുന്ന പ്രീജ രണ്ട് മക്കൾക്കൊപ്പം പെരുനാട്ടിലെ സ്വന്തം വീട്ടിലാണ് താമസം. ഇന്നലെ രാവിലെ കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലെത്തിയ ബിനീഷ് ഓട്ടോറിക്ഷയിൽ പെരുനാട്ടിൽ എത്തുകയായിരുന്നു.ജോലിക്കായി പ്രീജ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ഒാട്ടോ പറഞ്ഞുവിട്ട് ഇയാളും പിന്തുടർന്നു. പെരുനാട് പവർ ഹൗസ് റോഡിൽ മഠത്തുംമൂഴി പാലത്തിനു സമീപമെത്തിയപ്പോൾ കൈയിൽ കരുതിയിരുന്ന കുപ്പിയിലെ ആസിഡ് പ്രീജയുടെ ശരീരത്തേക്ക് ഒഴിക്കുകയായിരുന്നു. മുഖത്തും തോളിലും മറ്റ് ശരീരഭാഗങ്ങളിലും പൊള്ളലേറ്റ പ്രീജയുടെ നിലവിളി കേട്ട് ആളുകൾ ഒാടിക്കൂടി. ബിനിഷിനെ തടഞ്ഞുവച്ച ശേഷം പ്രീജയെ റാന്നി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊലീസെത്തി ബിനീഷിനെ അറസ്റ്റുചെയ്തു. ഇയാൾക്കും പരിക്കേറ്റിട്ടുണ്ട്. വധശ്രമത്തിനു കേസെടുത്ത് കൊവിഡ് പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.