black-alien

പാരിസ്: ബ്ളാക് ഏലിയനെക്കുറിച്ച് (അന്യഗ്രഹജീവി)​ നിരവധി കഥകൾ നാം കേട്ടിട്ടുണ്ട്. എന്നാൽ ഫ്രാൻസിൽ ഇതാ ഒരു മനുഷ്യൻ ശസ്ത്രക്രിയയിലൂടെ ബ്ളാക്ക് ഏലിയനായി മാറിയിരിക്കുകയാണ്. ആന്റണി ലോഫ്രെഡോയാണ് മൂക്ക് മുറിച്ചും ടാറ്റു കുത്തിയും ഏലിയനായി മാറിയിരിക്കുന്നത്. ശരീരം കറുത്തനിറത്തിലാക്കി മൂക്കിന്റെ തുമ്പ് മുറിച്ചായിരുന്നു ഏലിയനാകാനുള്ള ആന്റണിയുടെ തുടക്കം. ബ്ളാക്ക് ഏലിയൻ പ്രോജക്ട് എന്നാണ് ഇതറിയപ്പെടുന്നത്.

ശരീരരൂപമാറ്റ പ്രക്രിയയ്ക്ക് ഫ്രാൻസിൽ നിരോധനമുണ്ട്. അതുകൊണ്ടു തന്നെ പ്രശസ്ത ബോഡി മോഡിഫയറായ ഓസ്കാർ മാർക്വസിന്റെ സഹായമാണ് ഈ 32കാരൻ തേടിയത്. നാവ് രണ്ടായി കീറി. കൃഷ്ണമണി ഉൾപ്പെടെ ശരീരത്തിലാകെ ‌ടാറ്റു വരച്ചു. പിയേഴ്സിംഗ് നടത്തി. തല മൊട്ടയടിച്ചു. രണ്ട് ചെവികൾ മുറിച്ചു.

ശരിക്കും ഏലിയനാകാൻ തന്റെ ശരീരത്തിൽ ഇനിയും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നാണ് ആന്റണിയുടെ അഭിപ്രായം. മറ്റുള്ളവരെ പേടിപ്പിക്കുന്നതാണ് ഇപ്പോൾ ആന്റണിയുടെ പ്രധാന ഹോബി.

സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുന്നതിനിടെയാണ് ഈ വിചിത്ര മോഹം ആന്റണിക്കുണ്ടായത്. തുടർന്ന് ജോലി ഉപേക്ഷിച്ചു. ശസ്ത്രക്രിയയ്ക്കും മറ്റുമായി പണം സമ്പാദിക്കാനായി ആസ്ട്രേലിയയിലേക്ക് പോയി. സ്പെയിനിൽ വച്ചാണ് ശസ്ത്രക്രിയകൾ നടത്തിയത്. ആന്റണിയ്ക്ക് ഇൻസ്റ്റാഗ്രാമിൽ രണ്ടര ലക്ഷത്തോളം ഫോളോവേഴ്സുണ്ട്. തന്റെ ശരീരത്തിലെ ചെറിയ മാറ്റം പോലും സോഷ്യൽ മീഡിയയിലൂടെ ഇയാൾ ആരാധകരുമായി പങ്കുവയ്ക്കും.