
സ്‌റ്റോക്ക്ഹോം: ജീവിതത്തിന്റെ പിഴവുകളും മാറ്റങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നതാണ് നോബൽ സമ്മാനം നേടിയ ലൂയിസ് ഗ്ലൂക്കിന്റെ കവിതകൾ. അഗാധമായ നഷ്ടബോധങ്ങളിൽ നിന്നാണ് മുന്നോട്ടുകുതിക്കുന്നതെന്നും സമൂലമായ ആ മാറ്റമാണ് വ്യക്തിക്ക് പുനർജന്മം നൽകുന്നതെന്നും കവിതകളിലൂടെ അവർ ഉദ്ഘോഷിക്കുന്നു. പരിവർത്തനത്തിന്റെ മുഖാവരണങ്ങൾ വ്യക്തിനിഷ്ഠം മാത്രമല്ല, അവയ്‌ക്ക് സർവലോക പ്രസക്തി ഉണ്ടെന്നും അവർ പറയുന്നു.
താൻ ജീവിക്കുന്ന കാലത്തോട് കവിതകളിലൂടെ നിരന്തരം പ്രതികരിച്ച എഴുത്തുകാരിയാണ് ലൂയിസ് ഗ്ലൂക്ക്. ആത്മാവിന്റെ സ്വപ്നങ്ങളുടെയും നിരാശകളുടെയും ശേഷിപ്പുകളാണ് ലൂയിസിന്റെ കവിതകളെന്നും ആത്മാവിന്റെ മായാ ഭ്രമങ്ങളെ മറ്റാരും ഇത്ര കഠിനമായി നേരിട്ടിട്ടുണ്ടാവില്ലെന്നും നോബൽ കമ്മിറ്റിയുടെ ദീർഘമായ വിലയിരുത്തലിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
വ്യക്തിഗതാനുഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട കവിതകളാണ് ലൂയിസിന്റേതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. രണ്ട് തവണ വിവാഹമോചിതയായ അവർ വ്യക്തിപരമായി തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്.
പ്രകൃതി, മിത്തുകൾ, ചരിത്രം തുടങ്ങിയവയിലൂടെ ആന്തരികലോകത്തെ ആവിഷ്കരിക്കുന്ന വൈകാരിക തീവ്രത കവിതകളിലുണ്ട്. ആത്മകഥാംശങ്ങൾ കാവ്യ സൗന്ദര്യത്തോടെ കടന്നു വരുന്നു. മാനസിക സംഘർഷങ്ങളും ആസക്തിയും ഒറ്റപ്പെടലും പ്രകൃതിയനുഭവങ്ങളും ചേർന്നതാണ് അവരുടെ സൃഷ്ടികളെന്നും നിരൂപകർ പറയുന്നു.
''ഞാൻ കുട്ടിയായിരിക്കുമ്പോൾ മാതാപിതാക്കളുടെ ജീവിതത്തിലേക്ക് നോക്കി ഞാൻ ചിന്തിച്ചത് എന്താണെന്ന് നിങ്ങൾക്കറിയുമോ? ഹൃദയം തകരുകയായിരുന്നു. ഇപ്പോഴും ഹൃദയം തകരുന്നുണ്ട്, മാത്രമല്ല, ഭ്രാന്ത് പിടിക്കുന്നുമുണ്ട്...തമാശയായിട്ടുണ്ട്...
--ടെലിമാക്കസിന്റെ നിസംഗത എന്ന കവിതയിൽ നിന്ന്