
ഇതുവരെ കളിക്കളത്തിൽ ഇറങ്ങാൻ അവസരം ലഭിക്കാതെ ബഞ്ചിലിരിക്കാൻ വിധിക്കപ്പെട്ട് അജിങ്ക്യ രഹാനെയും ഇമ്രാൻ താഹിറും
സാധാരണഗതിയിൽ തഴക്കവും പഴക്കവുമുള്ള പ്രതിഭകളെയാണ് മലയാളത്തിൽ ഇരുത്തംവന്നവർ എന്ന ശൈലിയിലൂടെ ഉദ്ദേശിക്കുന്നത്. എന്നാൽ കളിക്കളങ്ങളിലേക്ക് എത്തുമ്പോൾ ഇരുത്തം വന്നവർക്ക് മറ്റൊരു അർത്ഥം കൂടിയുണ്ട്. കളിക്കാൻ അവസരം കിട്ടാതെ ബഞ്ചിലിരിക്കാൻ വിധിക്കപ്പെട്ടവർ. ഈ ഐ.പി.എൽ സീസണിൽ അങ്ങനെ ഇരുത്തം വന്ന രണ്ട് പേരാണ് ഡൽഹി ഡെയർഡെവിൾസിന്റെ ബാറ്റ്സ്മാൻ അജിങ്ക്യ രഹാനെയും ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഇമ്രാൻ താഹിറും.
2018സീസണിൽ രാജസ്ഥാൻ റോയൽസിനെ നയിച്ച താരമാണ് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഉപനായകൻ കൂടിയായ രഹാനെ.കഴിഞ്ഞ സീസണിൽ പകുതിയോളം മത്സരങ്ങളിലും റോയൽസിന്റെ നായകനായിരുന്നു. ഈ സീസണിലാണ് ഡൽഹി ക്യാപറ്റൽസ് രഹാനെയെ സ്വന്തമാക്കിയത്. ഡൽഹി ഇതുവരെ ആറു മത്സരങ്ങൾ കളിച്ചെങ്കിലും ഒന്നിൽപ്പോലും രഹാനെയ്ക്ക് അവസരം നൽകിയില്ല. ഡഗ് ഔട്ടിൽ ചുമ്മാ ഇരിക്കാനാണ് രഹാനെയ്ക്ക് വിധി.
ഡൽഹി ബാറ്റിംഗ് നിരയിൽ ഒഴിവില്ലാത്തതാണ് രഹാനെയ്ക്ക് സിറ്റിംഗ് ഫീസ് വാങ്ങാൻ മാത്രം അവസരമൊരുക്കിയിരിക്കുന്നത്. ട്വന്റി-20 ശൈലിക്ക് പറ്റിയ നിരവധി കളിക്കാരാണ് കോച്ച് പോണ്ടിംഗിന് ചുറ്റുമുള്ളത്. പൃഥ്വി ഷാ,ശിഖർ ധവാൻ,റിഷഭ് പന്ത്,ശ്രേയസ് അയ്യർ,മാർക്കസ് സ്റ്റോയ്നിസ് എന്നിങ്ങനെ നീളുന്ന ലൈനപ്പിൽ ആരെ മാറ്റി രഹാനെയെ കളിപ്പിക്കും എന്നതാണ് പോണ്ടിംഗിന്റെ ചോദ്യം.അല്ലെങ്കിൽ ആർക്കെങ്കിലും പരിക്കേൽക്കണം.
എങ്കിൽ രഹാനെയെ മറ്റേതെങ്കിലും ടീമിന് വിട്ടുകൊടുത്തുകൂടേ എന്ന് അദ്ദേഹത്തിന്റെ ആരാധകർ ചോദിക്കുന്നുണ്ട്. ആദ്യ ഏഴ് മത്സരങ്ങൾ പിന്നിടുമ്പോൾ രണ്ട് കളികളിലെങ്കിലും കളിപ്പിക്കാൻകഴിയാത്ത താരങ്ങളെ മറ്റുടീമുകൾക്ക് വിൽക്കാനുള്ള അവസരം വരുന്നുണ്ട്. എന്നാൽ രഹാനെ കളിച്ചില്ലെങ്കിൽപ്പോലും ടീമിന്റെ അവിഭാജ്യ ഘടകമാണെന്നും വിൽക്കാൻ ഒരു പരിപാടിയും ഇല്ലെന്നുമാണ് ഡൽഹി ക്യാപിറ്റൽസ് ടീം മാനേജ്മെന്റ് പറയുന്നത്.
കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ബൗളറായിട്ടും ഇമ്രാൻ താഹിറിന് ഇതുവരെയും ധോണി അവസരം നൽകിയിട്ടില്ല. 41കാരനായ താഹിറിനോട് ധോണിക്ക് താത്പര്യം ഇല്ലാത്തത് കാരണമാണിതെന്ന് ചെന്നൈ ക്യാമ്പിനുള്ളിൽ നിന്ന് അടക്കം പറച്ചിലുണ്ട്. ചെറുപ്പക്കാരനായ സാം കറാനോടാണ് ധോണിക്ക് താത്പര്യമത്രേ. ബാറ്റിംഗിലും ഉപയോഗിക്കാനാകും എന്നതിനാലാണത്. താഹിറിനാെപ്പം മൂന്നാഴ്ച മുമ്പ് യു.എ.ഇയിലെത്തിയ കിവീസ് സ്പിന്നർ മിച്ചൽ സാന്റ്നറും ഇരുത്തം വന്നവരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.