കേപ്ടൗൺ : ദക്ഷിണാഫ്രിക്കൻ മുൻ പേസ് ബൗളർ വെർനോൺ ഫിലാൻഡറിന്റെ സഹോദരൻ അജ്ഞാതരായ അക്രമികളുടെ വെടിയേറ്റു മരിച്ചു. ഫിലാൻഡറിന്റെ ഇളയ സഹോദരൻ ടൈറോണാണ് മരിച്ചത്. കേപ്ടൗണിൽ ഫിലാൻഡറിന്റെ വസതിക്കു സമീപം ബുധനാഴ്ചയാണ് സംഭവം. അക്രമികളെ പിടികൂടിയിട്ടില്ല.

മാതാവ് ബോണിറ്റയും മറ്റൊരു കുടുംബാംഗവും നോക്കിനിൽക്കെയാണ് ടൈറോണിന് വെടിയേറ്റതെന്ന് ആഫ്രിക്കൻ ന്യൂസ് ഏജൻസി (എഎൻഎ) റിപ്പോർട്ട് ചെയ്തു. സഹോദരന്റെ മരണം വെർനോൺ ഫിലാൻഡർ പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിലെ പേസ് ബൗളർമാരിൽ പ്രധാനിയായിരുന്ന മുപ്പത്തിനാലുകാരൻ വെംനോൺ ഈ വർഷമാദ്യമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. ടൈറോണിനു പുറമെ വെർനോണിന് ബ്രാണ്ടൻ ഫിലാൻഡർ, ഡാരിൽ ഫിലാൻഡർ എന്നീ മൂത്ത സഹോദരങ്ങൾ കൂടിയുണ്ട്.