
തൃശൂർ:2019- 20 വർഷത്തെ മികച്ച പ്രവർത്തനം നടത്തിയ യൂത്ത് ക്ലബുകളിൽ നിന്ന് നെഹ്റു യുവകേന്ദ്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു. ആരോഗ്യം, പരിസ്ഥിതി, സാക്ഷരത, തൊഴിൽ പരിശീലനം, സാമൂഹ്യാവബോധം സൃഷ്ടിക്കൽ, ദേശീയ അന്തർദേശീയ ദിനാചരണങ്ങൾ, പൊതുമുതൽ നിർമ്മാണവും സംരക്ഷണവും, കലാ, കായിക, സാഹസിക പ്രവർത്തനങ്ങൾ, പരിശീലന പരിപാടികളുടെ സംഘാടനം തുടങ്ങി വിവിധ മേഖലകളിൽ 2019 ഏപ്രിൽ ഒന്ന് മുതൽ 2020 മാർച്ച് 31 വരെ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നിർണ്ണയിക്കുക.
അവാർഡ് ലഭിക്കുന്ന ക്ലബിന് ജില്ലാ തലത്തിൽ 25000 രൂപയും സംസ്ഥാന തലത്തിൽ 75000 രൂപയും ദേശീയ തലത്തിൽ 3 ലക്ഷം, 1 ലക്ഷം, 50,000 രൂപ ക്രമത്തിൽ ക്യാഷ് അവാർഡും പ്രശസ്തി പത്രവുമാണ് ലഭിക്കുക. മാതൃക ഫോറത്തിലുള്ള അപേക്ഷയോടൊപ്പം, അനുബന്ധ രേഖകളും ചാർട്ടേർഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത വരവ് ചെലവ് കണക്കും സഹിതം ഒക്ടോബർ 20 നകം ജില്ല യൂത്ത് കോഓർഡിനേറ്റർ, നെഹ്റു യുവകേന്ദ്ര, അയ്യന്തോൾ, തൃശ്ശൂർ 3 എന്ന വിലാസത്തിൽ നേരിട്ട് ലഭിക്കണം.