
അന്താരാഷ്ട സൗഹൃദമത്സരത്തിൽ ഫ്രാൻസ് 7-1ന് ഉക്രൈനെ കീഴടക്കി
ഇറ്റലിക്ക് ആറുഗോൾ ജയം, ജർമ്മനിക്കും പോർച്ചുഗലിനും സമനിലകൾ
പാരീസ് : കഴിഞ്ഞ ദിവസം നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ മത്സരങ്ങളിൽ നിലവിലെ ലോകകപ്പ് ജേതാക്കളായ ഫ്രാൻസിന് തകർപ്പൻ വിജയം. ഒന്നിനെതിരെ ഏഴുഗോളുകൾക്ക് ഉക്രൈനെയാണ് ഫ്രാൻസ് തകർത്തുവിട്ടത്. ഇറ്റലിയും പോളണ്ടും വൻ വിജയം നേടിയപ്പോൾ ജർമ്മനിക്ക് തുർക്കിയോട് സമനില വഴങ്ങേണ്ടിവന്നു. അതേസമയം ആരാധകർ ആകാംക്ഷയോടെ നോക്കിയ പോർച്ചുഗലും സ്പെയ്നും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു.
പാരീസിലെ സ്റ്റേഡ് ഡി ഫ്രാൻസിൽ നടന്ന മത്സരത്തിൽ ഒളിവർ ജിറൂദിന്റെ ഇരട്ടഗോളുകളാണ് ഫ്രഞ്ച് പടയ്ക്ക് മിന്നുന്ന വിജയം സമ്മാനിച്ചത്. കമാവിംഗ,ടോളിസോ,എംബാപ്പെ,ഗ്രീസ്മാൻ എന്നിവർ ഒാരോ ഗോൾ നേടി. ഉക്രേനിയൻ താരം മൈകോലെൻകോ സ്വന്തം വലയിലേക്ക് ഒരു ഗോൾ നിക്ഷേപിക്കുകകൂടി ചെയ്തപ്പോൾ ആതിഥേയർക്ക് സൗഹൃദമത്സരം സന്തോഷകരമായി.
ഒൻപതാം മിനിട്ടിൽ കമാവിംഗയിലൂടെയാണ് ഫ്രാൻസ് സ്കോറിംഗ് തുടങ്ങിയത്.24,34 മിനിട്ടുകളിലായാണ് ജിറൂദ് വലകുലുക്കിയത്.39-ാം മിനിട്ടിൽ മൈകോലെൻകോയുടെ സെൽഫും വീണു.ഇതോടെ ഫ്രാൻസ് ആദ്യപകുതിയിൽ 4-0ത്തിന് മുന്നിലായി. 53-ാം മിനിട്ടിൽ സൈഗാൻകോവ് ഉക്രെയ്ന് വേണ്ടി ഒരു ഗോൾ തിരിച്ചടിച്ചു. എന്നാൽ 65-ാം മിനിട്ടിൽ ടോളിസോ,82-ാം മിനിട്ടിൽ ഗ്രീസ്മാൻ, 89-ാം മിനിട്ടിൽ ഗ്രീസ്മാൻ എന്നിവർ ചേർന്ന് പട്ടിക പൂർത്തിയാക്കി.
മറുപടിയില്ലാത്ത ആറുഗോളുകൾക്ക് ഇറ്റലി മോൾഡോവയെയാണ് കീഴടക്കിയത്. എൽ ഷരാവി രണ്ട് ഗോളുകൾ സ്കോർ ചെയ്തപ്പോൾ ക്രിസ്റ്റാന്റെയും കപൂച്ചോയും ബെറാഡിയും ഒാരോ ഗോൾ വലയിലാക്കി. പോസ്മാക്കിന്റെ വകയായി ഒരു സെൽഫ് ഗോളും കിട്ടി.18-ാം മിനിട്ടിൽ ക്രിസ്റ്റാന്റെയാണ് സ്കോറിംഗ് തുടങ്ങിവച്ചത്. കപൂച്ചോയുടെ ഗോൾ പിറന്നത് 23-ാം മിനിട്ടിലും. 30,45 മിനിട്ടുകളിലായി എൽഷറാവി സ്കോർ ചെയ്തു. രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾകൂടി വീണു.
ആവേശപ്പൂരം കണ്ട മത്സരത്തിന്റെ ഇൻജുറി ടൈമിന്റെ അവസാന സെക്കൻഡിലാണ് തുർക്കി ജർമ്മനിയെ 3-3ന് സമനിലയിൽ തളച്ചത്. ആദ്യ പകുതിയിൽ ഒരു ഗോളിന് ജർമ്മനി മുന്നിലായിരുന്നു. ഇടവേളയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ഡ്രാക്സ്ലറിലൂടെയാണ് ജർമ്മനി മുന്നിലെത്തിയത്. എന്നാൽ ഇടവേള കഴിഞ്ഞെത്തി നാല് മിനിട്ടിനകം തുഫാനിലൂടെ തുർക്കി സമനില പിടിച്ചു.58-ാം മിനിട്ടിൽ ന്യൂഹാവൂസ് ജർമ്മനിയെ വീണ്ടും മുന്നിലെത്തിച്ചു. 67-ാം മിനിട്ടിൽ കറാക്കയിലൂടെ തുർക്കി വീണ്ടും സമനിലയിലെത്തി. 81-ാം മിനിട്ടിൽ വാൽഷ്മിത്ത് നേടിയ ഗോളിന് വിജയിച്ചു എന്ന് കരുതി നിൽക്കുമ്പോളാണ് ഫൈനൽ വിസിലിന് തൊട്ടുമുമ്പ് കരാമൻ മൂന്നാമതും തുർക്കിയെ സമനിലയിലെത്തിക്കുന്നത്.
ഹാട്രിക് നേടിയ ഗ്രോസിക്കിയുടെ മികവിലാണ് 5-1ന് പോളണ്ട് ഫിൻലാൻഡിനെ കീഴടക്കുന്നത്. 9,18,38 മിനിട്ടുകളിലായിരുന്നു ഗ്രോസിക്കിയുടെ ഗോളുകൾ.53-ാം മിനിട്ടിൽ പിയാടെക്കും 87-ാം മിനിട്ടിൽ മിലിക്കും മറ്റ് ഗോളുകൾ നേടി. 68-ാം മിനിട്ടിൽ നിസ്കാനെനിലൂടെയാണ് ഫിൻലാൻഡ് ആശ്വാസം കണ്ടെത്തിയത്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങിയിട്ടും പോർച്ചുഗലിന് സ്പെയ്നിന് എതിരെ ഗോളടിക്കാൻ കഴിഞ്ഞില്ല. ക്രിസ്റ്റ്യാനോയും റെനാറ്റോയും രണ്ട് നല്ല ചാൻസുകൾ ബാറിലടിച്ചുകളയുകയും ചെയ്തു.
മത്സരഫലങ്ങൾ
ഫ്രാൻസ് 7-ഉക്രൈൻ 1
ജർമ്മനി 3- തുർക്കി 3
പോർച്ചുഗൽ 1- സ്പെയ്ൻ 1
ഇറ്റലി 6 - മോൾഡോവ 1
പോളണ്ട് 5- ഫിൻലാൻഡ് 1
മെക്സിക്കോ 1- ഹോളണ്ട് 0
ക്രൊയേഷ്യ2- സ്വിറ്റ്സർലാൻഡ് 1
ഡെന്മാർക്ക് 4- ഫറോ ഐലൻഡ് 0
ആസ്ട്രിയ2-ഗ്രീസ് 1
17കാരനായ കമാവിംഗ ഫ്രാൻസിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി.
100 മത്സരങ്ങൾ ഫ്രഞ്ച് കുപ്പായത്തിൽ ജിറൂദ് തികച്ചു. രാജ്യത്തിനായി ജിറൂദ് 42 ഗോളുകൾ തികച്ചു. തിയറി ഒൻറിയുടെ 51 ഗോളുകൾ എന്ന റെക്കാഡ് തകർക്കാൻ ഇനി ഒൻപത് ഗോളുകൾ കൂടിമതി.